മകനെ പോലെയായിരുന്നു തങ്ങള്‍ക്ക് ബ്രഹ്മദത്തനെന്ന് പല്ലാട്ട് കുടുംബം. ചങ്ങലകൾ ഇല്ലാതെ മുറ്റത്തും പറമ്പിലും ഓടിയെത്തിയിരുന്ന ശാന്തനായ മകനെയാണ് നഷ്ടപ്പെട്ടതെന്ന് പല്ലാട്ട് ബ്രഹ്മദത്തന്റെ ഉടമകളായ രാജേഷും സഹോദരൻ സതീഷും മനോരമ ന്യൂസിനോട് പറഞ്ഞു. ഏറ്റവും ഇഷ്ടമുള്ള ഈന്തപ്പഴവും മറ്റും നൽകിയായിരുന്നു വളർത്തിയിരുന്നത്. ദൂരേക്ക് എവിടെ പോയാലും തിരികെ വന്നാലും അമ്മ കമലമ്മയെ കണ്ട് സ്നേഹം പങ്കിടുമായിരുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊരു ആനയെ കിട്ടില്ലെന്നും നിറകണ്ണുകളോടെ ഇരുവരും പറയുന്നു.

‘മറക്കാൻ പറ്റില്ല. 16 വർഷമായേയുള്ളൂ ഞങ്ങളുടെ അടുത്ത് വന്നിട്ട്. ഓമന ചേട്ടൻ ഉണ്ടായിരുന്ന കാലത്തും അതിനുശേഷവും ഞങ്ങളുടെ ജീവനായിരുന്നു. അഴിച്ചുവിട്ടാൽ നേരെ വീട്ടിൽ ചെന്ന് അമ്മയുടെ അടുത്ത് നിന്ന് ഭക്ഷണം കഴിക്കും. ഞാൻ തടി എടുക്കാനായിട്ട് വന്നാൽ കയറി വരും. തീറ്റ കൊടുത്താലും പോകില്ല. അത്ര സ്നേഹമുള്ള ജീവിയായിരുന്നു. സാധാരണ ആനയല്ല. എന്താ പറയുകാ ദൈവത്തിന്റെ വരവാണ്’– സതീഷ് പറയുന്നു.

‘ഒരു സ്ഥലത്ത് കൂട്ടത്തിലിരുന്ന എട്ട് ആന ഓടിയിട്ടും ഇവൻ ഓടിയില്ല. ഇവൻ ഓടില്ല. ഇവനെ ആർക്കും തടയാനും പറ്റില്ല. അത്ര നല്ല ആനയായിരുന്നു. ഞങ്ങളുടെ ജീവനായിരുന്നു. ഞങ്ങളുടെ ഒരാള്‍ പോയാൽ ഞങ്ങൾക്കും വിഷമം ഉണ്ടാകില്ലേ. ഇനി ഞങ്ങളുടെ ജന്മത്തില്‍ ഇങ്ങനെ ഒരാളെ കിട്ടൂല്ല. ഞങ്ങൾക്ക് കിട്ടൂല്ല. ആർക്കും കിട്ടൂല്ല. ഒരാൾ പോലും ഇതിനെപ്പറ്റി ഒരു അഭിപ്രായ വ്യത്യാസം പറയില്ല. ഇങ്ങനെ ഒരു ശാന്തനായ, ഇത്രയും ബുദ്ധിയുള്ള ഒരു ആനയെയും കിട്ടൂല്ല’

ALSO READ: അന്ന് ഓമനച്ചേട്ടനെ കാണാന്‍ മിഴിനീരോടെ പല്ലാട്ടെ കുട്ടിയെത്തി; ആനപ്രേമികളുടെ നെഞ്ചിലെ നീറ്റലായി ആ രംഗം...

‘ഒരു ചങ്ങലയും വേണ്ടായിരുന്നു. നിയമത്തിനെ പേടിച്ചുള്ള ചങ്ങല മാത്രം മതിയായിരുന്നു. ഓമന ചേട്ടൻ ഉണ്ടായിരുന്ന കാലത്ത് ചങ്ങല ഇല്ലാതെ ഈ റോഡിലൂടെ കൊണ്ട് നടന്നതാണ്. ഇവിടുന്ന് അഴിച്ചാൽ ഈ വീട്ടിൽ, അവിടുന്ന് അഴിച്ചാൽ ആ വീട്ടിൽ. ഞങ്ങൾക്ക് തടിമില്ലുണ്ടായിട്ട് പോലും ഞങ്ങൾ ഒരു പ്രാവശ്യം തടി പിടിപ്പിച്ചിട്ടില്ല. തടി പിടിപ്പിക്കാൻ മേടിച്ചതല്ല. ഞങ്ങൾക്ക് വളര്‍ത്താന്‍ മേടിച്ചതാ. ഒരു അസുഖവും അവന് ഇല്ലായിരുന്നു’

‘എവിടെ പോയാലും അമ്മയെ കണ്ടിട്ടേ പോകുള്ളു. അമ്മ വന്ന് അമ്മയുടെ അടുത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് പോകുള്ളു. തിരിച്ചു വരുമ്പോഴും അതുപോലെ ആയിരുന്നു. അമ്മയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. അമ്മ പറയുന്നത് താന്‍ മരിച്ചാല്‍ മതിയായിരുന്നു, എന്റെ മക്കൾ ഇല്ലാതെ സഹിക്കാൻ പറ്റുന്നില്ല എന്നാണ്. നമ്മൾ കുഞ്ഞുങ്ങളെപ്പോലെ വളർത്തിയതാണ്. എന്ത് ചെയ്യാൻ പറ്റും? സഹിക്കട്ടെ. ഞങ്ങളുടെ കുഞ്ഞ് പോയി’– സതീഷ് പറയുമ്പോള്‍ വാക്കുകള്‍ ഇടറുകയായിരുന്നു.

മറിച്ചല്ല, സഹോദരന്‍ രാജേഷിനും പറയാനുള്ളത്. ‘ഞങ്ങളുടെ ഒരു കുടുംബത്തിൽ നിന്ന് ഒരാൾ പോയ പോലെയാ. അച്ഛൻ മരിച്ചു കിടന്നപ്പോൾ മദപ്പാടിലായിരുന്നു. എന്നാലും അവൻ അവിടെ പോയിട്ടുണ്ട്. എന്റെ അമ്മയുണ്ട് അവിടെ. അവിടുന്ന് എന്തെങ്കിലും മേടിച്ച് തിന്നാതെ എങ്ങോട്ടും വരില്ല. അത് പുള്ളിയുടെ നിർബന്ധമായിരുന്നു. അങ്ങനെ ഒരു ശാന്തശീലമുള്ള ആനയായിരുന്നു’– മറ്റൊന്നും തങ്ങള്‍ക്ക് പറയാനില്ലെന്നും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരു സഹോദരങ്ങളും പറഞ്ഞു.

ഇന്നലെയാണ് പല്ലാട്ട് ബ്രഹ്മദത്തന്‍ ചരിഞത്. വൈകിട്ട് ആറു മണിയോടെയാണ് വീട്ടുമുറ്റത്ത് തളച്ചിരുന്ന കൊമ്പന് മിന്നലേല്‍ക്കുകയായിരുന്നു. ജഡം ഉച്ചയോടെ സംസ്കരിക്കും. ഈരാറ്റുപേട്ട മേലമ്പാറ പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്‍റെ നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്താനാണ് നിലവിലെ തീരുമാനം. അഭിഭാഷകനായ രാജേഷ് പല്ലാട്ടിന്‍റെ ആനയായിരുന്നു. 28 വർഷം മുൻപ് പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗീസും സഹോദരൻ ചാക്കോയുമാണ് അരുണാചൽപ്രദേശിൽ നിന്ന് ആനയെ കോട്ടയത്ത് കൊണ്ടുവന്നത്. പുതുപ്പള്ളി ബ്രഹ്മദത്തനെന്നായിരുന്നു ആദ്യപേര്. പിന്നീട് 16 വർഷം മുൻപ് പല്ലാട്ട് കുടുംബത്തിൽ എത്തിയപ്പോഴാണ് പല്ലാട്ട് ബ്രഹ്മദത്തനായത്.

ALSO READ: ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരന്‍ ...

45 വയസുളള ബ്രഹ്മദത്തന്‍ തൃശൂർ പൂരത്തിൽ ഉൾപ്പെടെ കേരളത്തിലെ പ്രധാന ഉല്‍സവങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളിലും പ്രധാന തിടമ്പ് ബ്രഹ്മദത്തനായിരുന്നു. 25 വർഷം ബ്രഹ്മദത്തന്‍റെ പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായർ അഞ്ചുവർഷം മുമ്പ് അന്തരിച്ചു. അതിനുശേഷം മൂവാറ്റുപുഴയിലെ ശരത്തും എറണാകുളത്തെ വിശാലുമായിരുന്നു ബ്രഹ്മദത്തന്റെ പാപ്പാൻമാർ.

ENGLISH SUMMARY:

The renowned captive elephant Pallatt Brahmadathan passed away near Erattupetta in Kottayam district after being struck by lightning while tethered in a residential courtyard. Owners Rajesh and Satheesh Pallatt expressed profound grief, recalling the gentle giant as an irreplaceable member of their family who was loved for his calm nature and intelligence. The 45-year-old elephant was a prominent fixture at major Kerala temple festivals, including the iconic Thrissur Pooram, and had spent 16 cherished years with the Pallatt family. Forest Department officials are completing the necessary procedures to facilitate the funeral on the family's ancestral property by afternoon.