ദാമോദരന്‍ നായരെ അവസാനമായി കാണാന്‍ പല്ലാട്ട് ബ്രഹ്മദത്തന് എത്തിയപ്പോള്‍ (ഫയല്‍ ചിത്രം– മനോരമ)
2021 ജൂണിലാണ് ആനപ്രേമികളുടെ പ്രിയ പാപ്പാൻ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ എന്ന ‘ഓമനച്ചേട്ടന്റെ’ മരണം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ആനപ്പാപ്പാനും ആനപ്രേമികളുടെ പ്രിയങ്കരനുമായിരുന്നു അദ്ദേഹം. കാൽ നൂറ്റാണ്ടായി പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാനായിരുന്നു ദാമോദരന്‍ നായര്‍. അദ്ദേഹം വിടവാങ്ങിയപ്പോള്‍ പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി ഒരു നോക്കുകാണാന്‍ പല്ലാട്ട് ബ്രഹ്മദത്തന് എത്തിയിരുന്നു. ഇന്ന് പല്ലാട്ട് ബ്രഹ്മദത്തന് വിടപറയുമ്പോള്‍ ആനപ്രേമികളുടെ മനസിലേക്ക് നീറ്റലായി ഓടിയെത്തുകയാണ് ആ രംഗം.
അരുണാചല്‍ പ്രദേശില്‍ നിന്ന് കൊണ്ടുവന്ന ബ്രഹ്മദത്തനെ വരുതിയിലാക്കിയത് തന്നെ ദാമോദരൻ നായരായിരുന്നു. പുതുപ്പള്ളി സ്വദേശിയായിരുന്നു ബ്രഹ്മദത്തന്റെ ആദ്യ ഉടമ. പിന്നീട് പാലാ പല്ലാട്ട് കുടുംബത്തിന് ബ്രഹ്മദത്തനെ വിറ്റപ്പോൾ ദാമോദരൻ നായരും പല്ലാട്ടേക്കെത്തി. ബ്രഹ്മദത്തനും ദാമോദരൻ നായരും തമ്മിലുള്ള സ്നേഹവും പ്രസിദ്ധമാണ്.
ഒരിക്കല്‍ തൃശൂർ ജില്ലയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ബ്രഹ്മദത്തന് അകമ്പടി നിന്നിരുന്ന ഒരാന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി. കുത്തു കൊണ്ട ആന സമീപം നിന്നിരുന്ന ദാമോദരൻ നായരെ തട്ടിവീഴ്ത്തി. ദാമോദരൻ നായരെ കുത്താൻ ആയുന്നതിനിടെ ബ്രഹ്മദത്തനാണ് ആ ആനയെ വയറിൽ കുത്തി ഓടിച്ചത്. അന്ന് മരണത്തെ മുഖാമുഖം കണ്ട ദാമോദരൻ നായർ ബ്രഹ്മദത്തനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. ഒരു ആനപ്രേമിക്കും മറക്കാന്‍ കഴിയാത്ത രംഗം!
ഒടുവില്‍ ദാമോദരൻ നായർ മരിച്ചപ്പോള്‍ ആദരാഞ്ജലി അർപ്പിക്കാൻ പല്ലാട്ട് ബ്രഹ്മദത്തനെയും ളാക്കാട്ടൂരിലെ വീട്ടിൽ എത്തിച്ചിരുന്നു. അന്ന് തുമ്പിക്കൈകൾ ഉയർത്തി തന്റെ പ്രിയ പാപ്പാന് ബ്രഹ്മദത്തൻ അന്ത്യാഞ്ജലി അർപ്പിച്ചു. കണ്ടു നിന്നവരുടെ മിഴികൾ നനച്ച രംഗമായിരുന്നു അത്. ഇന്ന് തന്റെ പാപ്പാന്റെ അടുത്തേക്കു തന്നെ ബ്രഹ്മദത്തനും യാത്രയാകുകയാണ്.
ALSO READ:ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തന് ചരിഞ്ഞു; ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരന് ...
ഇന്നലെ ഈരാറ്റുപേട്ടയില്‍ ഇടിമിന്നലേറ്റാണ് ബ്രഹ്മദത്തന് ചരിഞ്ഞത്. വൈകിട്ട് ആറിന് കനത്ത മഴയിലാണ് വീട്ടുമുറ്റത്ത് തളച്ചിരുന്ന കൊമ്പന് മിന്നലേറ്റത്. 1999ല്‍ പുതുപ്പള്ളിയിലെ പോത്തന് വര്‍ഗ്ഗീസും സഹോദരന് ചാക്കോയുമാണ് അരുണാചല്‍പ്രദേശില്‍ നിന്ന് കൊമ്പനെ കോട്ടയത്ത് എത്തിച്ചത്. പിന്നീട് അഭിഭാഷകനായ രാജേഷ് പല്ലാട്ട് സ്വന്തമാക്കുകയായിരുന്നു. 45 വയസുളള കൊമ്പന് തൃശൂർ പൂരത്തിലും കുന്നംകുളം മേഖലയിലെ പ്രധാന ഉല്‍സവങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളിലും പ്രധാന തിടമ്പേറ്റിയിരുന്നത് ബ്രഹ്മദത്തനായിരുന്നു. പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്താനാണ് തീരുമാനം.