ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനുനേരെയുള്ള പൊലീസ് നടപടി പരിശോധിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. പൊലീസ് അതിക്രമം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.സുഭാഷ് റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള സമിതിയെ നിയമിച്ചത്. 

മൂന്ന് മുൻ ജഡ്ജിമാരും രണ്ട് മുൻ സേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് അന്വേഷണ സമിതി. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ശാലീന്ദർ കൗർ, സിബിഐ മുൻ ഡയറക്ടർ ഋഷികുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി എൽ.ആർ.ബിഷ്ണോയ് എന്നിവരാണ് അധ്യക്ഷനെ കൂടാതെ സമിതിയിലുള്ള മറ്റ് അംഗങ്ങൾ. 

പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങളും മറ്റ് അനുബന്ധ വിഷയങ്ങളുമടക്കം ഒൻപത് കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കുന്നത്. പൊലീസിന്റെ അമിതവും മുന്നറിയിപ്പില്ലാതെയുമുള്ള ബലപ്രയോഗം, പെല്ലറ്റ് തോക്കുകളുടെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ പ്രവർത്തകർക്കു നേരെയുണ്ടായ ലൈംഗികാതിക്രമ പരാതികളും സമിതി പരിശോധിക്കും.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണ റിപ്പോർട്ടുകളും നടപടികളും വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കും സമിതി വിശദമായ പരിശോധന നടത്തുക. ഈ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇപ്പോൾ കോടതിക്ക് മുന്നിലുള്ള കേസുകളിൽ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുക. 

ENGLISH SUMMARY:

Supreme Court probe committee will investigate the Delhi police action during the CJI protest. This independent investigation will examine allegations of police brutality and other related issues.