കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് കേരളം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. മുഴുവന്‍ ചിലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് തമിഴ്നാട് ആവര്‍ത്തിച്ചു. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി സി.ജോസഫ് വിജയ് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തലിൽ കേരളത്തിന്റെ ‘തടസ്സ മനോഭാവത്തിനെതിരെ’ തമിഴ്നാട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ വീഴ്ചകൾ നിരത്തിയാണു തമിഴ്നാട് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. സുരക്ഷയ്ക്കായി ബേബി ഡാമിന്റെയും എർത്ത് ഡാമിന്റെയും അറ്റകുറ്റപ്പണികൾ നടത്താനും പ്രധാന അണക്കെട്ടിന്റെ ഗ്രൗട്ടിങ് നടത്താനും കേരളം സഹകരിച്ചില്ലെന്നു തമിഴ്നാട് ആരോപിക്കുന്നു. ജലനിരപ്പ് 142 അടിയായി ഉയർത്താനും തുടർന്ന് അണക്കെട്ട് ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാനും അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനു കേരള സർക്കാർ തടസ്സംനിൽക്കുന്നതായും പരാതിയുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി സമീപത്തുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ കേരളം അനുമതി നൽകിയില്ല.
വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കുന്നതിനു കേരളം ആവശ്യപ്പെട്ട തുക നൽകാൻ തയാറായിട്ടും റോഡ് അറ്റകുറ്റപ്പണി ആരംഭിക്കാൻ തടസ്സം നിൽക്കുന്നു.
മഴ, പ്രളയ വിവരങ്ങൾ തത്സമയം പങ്കുവയ്ക്കാൻ തയാറാകുന്നില്ലെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. 2014 മേയ് 7ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം അണക്കെട്ട് സുരക്ഷിതമാണെന്നു കണ്ടെത്തുകയും ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ബജറ്റിലൂടെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയർത്താൻ സമ്മർദം ചെലുത്തുമെന്നു ടിവികെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ നടപടി.