മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ (80) അന്തരിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതിയായ ഇദ്ദേഹം തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഡൽഹിയിലെ ആശുപത്രിയിലാണ് അന്ത്യം.
മൂന്ന് തവണ ലോക്സഭാംഗമായിരുന്ന സജ്ജൻ കുമാർ ഔട്ടർ ഡൽഹി മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. കോൺഗ്രസിലെ പ്രമുഖ നേതാവായിരുന്ന അദ്ദേഹം 2018ലെ ശിക്ഷയ്ക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകരായ സത്‌വന്ത് സിങ്, ബിയാന്ത് സിങ് എന്നിവർ 1984 ഒക്ടോബർ 31ന് വധിച്ചതിന് പിന്നാലെയാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹിയിലുടനീളം ആയുധധാരികളായ സംഘങ്ങൾ സിഖുകാരെ ലക്ഷ്യമിടുകയും വീടുകളും കടകളും ആക്രമിക്കുകയും ചെയ്തു. രാജ്യത്താകെ 3,000ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗം മരണങ്ങളും ദേശീയ തലസ്ഥാനമായ ഡൽഹിയിലായിരുന്നു.
കലാപവുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ സജ്ജൻ കുമാർ മൂന്ന് പതിറ്റാണ്ടിലേറെ നേരിട്ടു. വിവിധ കോടതികളിലെ വിധികൾ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും മാറിമറിഞ്ഞിരുന്നു. 2018 ഡിസംബർ 17ന് ഡൽഹി ഹൈക്കോടതി, 2013ൽ വിചാരണക്കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി. തുടർന്ന് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
പാലം കോളനിയിലെ രാജ് നഗർ പാർട്ട്-1ൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയതും വ്യാപകമായ കലാപത്തിനിടെ ഒരു ഗുരുദ്വാര കത്തിച്ചതുമായിരുന്നു കേസിന്റെ പ്രധാന ആരോപണങ്ങൾ. ക്രിമിനൽ ഗൂഢാലോചന, കുറ്റകൃത്യത്തിന് പ്രേരണ എന്നിവയിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തി. സ്വാഭാവിക മരണം വരെ അദ്ദേഹം ജയിലിൽ തുടരണമെന്നും കോടതി നിർദേശിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ഹൈക്കോടതി വിധിയിൽ "മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ" എന്നാണ് വിശേഷിപ്പിച്ചത്.
കുറ്റവും ശിക്ഷയും ചോദ്യം ചെയ്ത് സജ്ജൻ കുമാർ നൽകിയ ഹർജി സുപ്രീം കോടതിയിൽ ഇപ്പോഴും പരിഗണനയിലാണ്.
ഈ വർഷം ജനുവരിയിൽ, 1984ലെ കലാപത്തിനിടെ ജനക്പുരി, വികാസ്പുരി മേഖലകളിൽ അക്രമത്തിന് പ്രേരിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഈ കേസുകളിലെ കുറ്റവിമുക്തി അദ്ദേഹത്തിന്റെ ജയിലിനു പുറത്തേക്ക് വഴിയൊരുക്കിയില്ല. കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു അദ്ദേഹം.
2025 ഫെബ്രുവരിയിൽ റൗസ് അവന്യൂ കോടതി സരസ്വതി വിഹാർ കേസിൽ സജ്ജൻ കുമാറിന് മറ്റൊരു ജീവപര്യന്തം ശിക്ഷ വിധിച്ചു. ജസ്വന്ത് സിങ്, മകൻ തരൺദീപ് സിങ് എന്നിവരെ ജനക്കൂട്ടം ആക്രമിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്ത സംഭവത്തിൽ സജ്ജൻ കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയായിരുന്നു ശിക്ഷ. സജ്ജൻ കുമാറിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്.