മഹാരാഷ്ട്രയിലെ താനെയിൽ സര്‍ക്കാരിന്‍റെ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരത്തിന് പകരം പ്ലേ ചെയ്തത് ബോളിവുഡ് ചിത്രത്തിലെ ഗാനം. ബാലാസാഹേബ് താക്കറെ മറാത്തി ഭാഷാ പാഠ്യപദ്ധതി കാമ്പെയ്‌നിന്റെ സമാപന ചടങ്ങിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മറ്റ് മന്ത്രിമാരും അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരത്തിന് പകരം 'പുകാർ' എന്ന ബോളിവുഡ് ചിത്രത്തിലെ ലതാ മങ്കേഷ്കർ ആലപിച്ച വന്ദേമാതരം എന്ന് തുടങ്ങുന്ന ഗാനം പ്ലേ ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
വിഡിയോയില്‍ സദസിലുള്ളവരോട് വന്ദേമാതരത്തിനായി എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുന്നത് കാണാം. തുടര്‍ന്ന് ഏക്‌നാഥ് ഷിൻഡെ, വ്യവസായ മന്ത്രി ഉദയ് സാമന്ത്, എംഎൽഎ പ്രതാപ് സർനായിക്, വേദിയിലുണ്ടായിരുന്ന മറ്റ് അതിഥികളും കാഴ്ചക്കാരും ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കുന്നതായി കാണാം. പിന്നാലെയാണ് പാട്ട് പ്ലേ ചെയ്തത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടെങ്കിലും, വേദിയിൽ നിന്നോ സദസ്സിൽ നിന്നോ ആരും പെട്ടെന്ന് ഇടപെട്ടില്ല. ഏകദേശം നാല് മിനിറ്റോളം പാട്ട് പ്ലെ ചെയ്യുകയും അത്രയും നേരം തന്നെ എല്ലാവരും എഴുന്നേറ്റ് നിൽക്കുകയുമായിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം വേദിയിൽ വെച്ച് തന്നെ ഏക്‌നാഥ് ഷിൻഡെ ഖേദം പ്രകടിപ്പിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, പാർലമെന്റ് അംഗീകരിച്ച വന്ദേമാതരത്തിന്‍റെ ശരിയായ പതിപ്പ് മാത്രം പ്ലേ ചെയ്യുന്നു എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം സംഘാടകർക്ക് കർശന നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള അനാസ്ഥകൾ ദേശീയ ഗീതത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവം രാഷ്ട്രീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. എഐസിസിയില്‍ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കളും പങ്കെടുത്ത പരിപാടിയില്‍ ആദ്യ എട്ടുവരികള്‍ക്ക് ശേഷവും വന്ദേമാതരം തുടര്‍ന്നതോടെ നിര്‍ത്താന്‍ സോണിയ ആവശ്യപ്പെട്ടതാണ് വിവാദമായത്. ദേശീയ ഗീതമായ വന്ദേമാതരത്തെ സ്വാതന്ത്ര്യദിനത്തില്‍ അപമാനിച്ചുവെന്നാണ് ബിജെപി ആരോപണം.
അതേസമയം, സ്വാതന്ത്ര്യദിനത്തില്‍ രാജസ്ഥാനിലും സമാനമായ സംഭവമുണ്ടായിരുന്നു. ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ബാഡി ചൗപഡിൽ നടന്ന ചടങ്ങിൽ ദേശീയഗീതത്തിന് പകരം ലതാ മങ്കേഷ്കർ പാടിയ 'ആനന്ദ് മഠ്' എന്ന സിനിമയിലെ ഗാനമാണ് പ്ലേ ചെയ്തത്. ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോർ ദേശീയ പതാക ഉയർത്തിയിരുന്നു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജയ്പുർ നഗരസഭ (ജെഎംസി) ശബ്ദ സംവിധാനങ്ങൾ ഒരുക്കിയ ഏജൻസിയുടെ തുക തടഞ്ഞുവയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തു.