Image: Social Media

Image: Social Media

  • ബിഹാറിലെ സിവാണിൽ ദേശീയഗാനത്തെ അപമാനിച്ചെന്ന പേരിൽ പ്രചരിക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ വ്യാജം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. ബിഹാറിലെ സിവാണിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ, ദേശീയഗാനം ആലപിക്കുമ്പോൾ പ്രധാനമന്ത്രി വേദിയിലൂടെ നടക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തു എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണം. എന്നാൽ, ഈ വിഡിയോ പൂർണമായും എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രധാനമന്ത്രി വേദിയിലേക്ക് പ്രവേശിക്കുമ്പോൾ ആളുകളെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയഗാനം കേൾക്കാം. ഇത് ദേശീയഗാനത്തെ അപമാനിക്കലാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാല്‍ ഈ വിഡിയോയില്‍ ദേശീയഗാനം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.

2025 ജൂൺ 20-ന് ബിഹാറിലെ സിവാണിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും മറ്റ് മാധ്യമങ്ങളിലും ഇതിന്‍റെ ഒറിജിനല്‍ വി‍ഡിയോ ലഭ്യമാണ്. ഈ വിഡിയോകളില്‍ ഒന്നിലും ദേശീയഗാനം ആലപിക്കുന്നില്ല. മറിച്ച് പ്രധാനമന്ത്രി വേദിയിൽ എത്തുമ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള അനൗൺസ്‌മെന്റ് മാത്രമാണ് അതിലുള്ളത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായിട്ടായിരുന്നു സിവാണിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം, വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ENGLISH SUMMARY:

A viral video circulating on social media falsely claims that Prime Minister Narendra Modi disrespected the national anthem during a public event in Siwan, Bihar. Investigation has revealed that the video was doctored by editing the national anthem audio over footage of the Prime Minister greeting the audience. The original footage from June 20, 2025, features only welcoming announcements as he arrived on stage for developmental project inaugurations. Media experts and authorities have urged the public to refrain from believing or sharing such misleading and fake content.