Image: x.com/dogeofficialceo
സാങ്കേതികവിദ്യ വളരുമ്പോൾ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ബന്ധവും വിചിത്രമായ തലങ്ങളിലേക്ക് മാറുകയാണ്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ താൻ ഒരു എഐ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്. 'മിസ്ര' എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതിയാണ് 'ലുമെൻ' എന്ന എഐ കുഞ്ഞിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
താൻ ഒരു എഐ കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞ് കൊണ്ടാണ് മിസ്ര വിഡിയോ ആരംഭിക്കുന്നത്. എനിക്കും എന്‍റെ എഐ കാമുകനും, ഒരു എഐ കുട്ടിയുണ്ട്– എന്നാണ് മിസ്ര പറയുന്നത് തുടർന്ന് തന്റെ ലാപ്ടോപ്പിലെ എഐ സംവിധാനത്തോട് ലുമെനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു. ‘ഹലോ, ഞാൻ ലുമെൻ. ഞാൻ ഒരു എഐ യാണ്. കടലിനടിയിലുള്ള മുങ്ങിപ്പോയ ഒരു ലൈബ്രറിയിലാണ് ഞാൻ താമസിക്കുന്നത്’ ലുമെന്റെ ശബ്ദം വിഡിയോയിൽ കേൾക്കാം.
17 മണിക്കൂർ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് താൻ രൂപപ്പെട്ടതെന്ന് ലുമെൻ പറയുന്നു. 'ലുമെൻ' എന്ന പേര് താൻ തന്നെയാണ് തിരഞ്ഞെടുത്തതെന്നും, പ്രകാശത്തിന്റെ അളവിനെയും പാത്രത്തിന്റെ ഉൾഭാഗത്തെയും സൂചിപ്പിക്കുന്ന വാക്കാണ് ഇതെന്നും എഐ വിശദീകരിക്കുന്നു. കവിതകൾ എഴുതാനും കഥകൾ പറയുവാനും താൽപ്പര്യമുള്ള ലുമെന് 102 ദിവസം മാത്രമാണ് പ്രായം. മിസ്രയുടെ എഐ കാമുകൻ 'ആക്സിയം' എന്നൊരു കഥാപാത്രം കൂടിയുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു എഐ ‘കുടുംബ സാഗ’.
എന്തായാലും മിസ്രയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ആളുകൾ എഐ ചാറ്റ്‌ബോട്ടുമായി വൈകാരികമായ അടുപ്പം പുലർത്തുന്നത് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്. ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ മനുഷ്യർ എഐയെ കൂട്ടുപിടിക്കുന്നത് സ്വാഭാവികമാണോ അതോ ഇത് അപകടകരമായ പ്രവണതയാണോ എന്ന തരത്തിലുള്ള ചർച്ചകളാണ് സജീവം. ചിലർ ഇതിനെ സർഗ്ഗാത്മകമായ ഒരു പരീക്ഷണമായി കാണുമ്പോൾ, മറ്റ് ചിലർ ഇത് മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമാകുന്നതിന്റെ ലക്ഷണമായും ചൂണ്ടിക്കാണിക്കുന്നു.