AI Image
ബെൽജിയത്തിൽ ഓവുചാൽ നിർമ്മാണത്തിനിടെ തൊഴിലാളിക്ക് ലഭിച്ചത് ഏകദേശം 98 കോടി രൂപ വിലമതിക്കുന്ന സ്വർണനിധി. ബ്രസ്സൽസിന് സമീപം ഭൂഗർഭ പൈപ്പ് മാറ്റുന്നതിനിടെയാണ് 18കാരനായ കോബിക്ക് സ്വർണക്കട്ടികളും നാണയങ്ങളും കിട്ടിയത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമിച്ച കെട്ടിടത്തിന്റെ ചുവരിനുള്ളിൽ ഇഷ്ടിക ഉപയോഗിച്ച് ഒളിപ്പിച്ച നിലയിലായിരുന്നു നിധി. സ്വര്‍ണക്കട്ടികളും നാണയങ്ങളും ലഭിച്ച ഉടന്‍ തന്നെ തൊഴിലാളികള്‍ അധികൃതരെ വിവരം അറിയിച്ചു.
ചൊവ്വാഴ്ചയാണ് കോബി എന്ന തൊഴിലാളി സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യുന്നതിനിടയില്‍ തിളക്കമുള്ള വസ്തു കണ്ടത്. കോബിയുടെ വാക്കുകളിങ്ങനെ, ഓവുചാലിന്‍റെ നിര്‍മാണത്തിനിടെയാണ് അവിടെ എന്തോ കിടക്കുന്നതായി തോന്നിയത്. ആദ്യം യൂറോ നാണയങ്ങളാണതെന്ന് കരുതി, പിന്നീടാണ് സമീപമുള്ള സ്വര്‍ണക്കട്ടി കണ്ടത്. വലിയൊരു ശേഖരമായിരുന്നു അത്. ഈ ശേഖരം ആരോ മനഃപൂര്‍വം ഒളിപ്പിച്ചുവെച്ചതാണെന്ന് തോന്നുന്നു.
1899-ൽ ആരംഭിച്ച ഈ സ്ഥലത്തെ നിര്‍മാണ പ്രവർത്തനം 1970-ൽ അവസാനിച്ചതാണ്. 'VA' എന്ന ആദ്യാക്ഷരങ്ങൾ പതിച്ച ഇരുമ്പ് ഗേറ്റുകളുള്ള ഈ കെട്ടിടം, ഇപ്പോൾ CAW Oost-Vlaanderen എന്ന സാമൂഹിക ക്ഷേമ സംഘടനയുടെ നേതൃത്വത്തിൽ പുതിയ ഓഫിസുകളും താമസസൗകര്യങ്ങളും ഒരുക്കുന്നതിനായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
കണ്ടെടുത്ത സ്വർണം മോഷ്ടിക്കപ്പെട്ടതോ ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതോ അല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം ഉറപ്പുവരുത്തേണ്ടി വരും. കെട്ടിട നിർമ്മാണ കരാറുകാർ, ക്ഷേമ സംഘടന, മുന്‍പ് ഇവിടെ താമസിച്ചിരുന്ന കുടുംബത്തിന്റെ പിൻഗാമികൾ എന്നിവരൊക്കെ ഈ നിധിക്ക് അവകാശവാദമുന്നയിക്കാൻ സാധ്യതയുള്ളവരാണ്. സ്വർണത്തിന്റെ അവകാശം സംബന്ധിച്ച് നിയമനടപടികൾ തുടരുന്നതിനിടെ നിധി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിയമപരമായ ഉടമസ്ഥാവകാശം നിർണയിക്കുന്നതിനായി ഇതിന്റെ ഉറവിടത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.
ബെൽജിയൻ നിയമപ്രകാരം, നിധി കണ്ടെത്തുന്നവര്‍ അതിന്റെ യഥാർഥ ഉടമകൾ മുന്നോട്ടുവരുന്നതിനായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കാത്തിരിക്കണം. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, ഇത്രയും വലിയൊരു നിധി കണ്ടെത്തിയാൽ അത് അധികൃതരെ ഏൽപ്പിക്കേണമെന്നാണ് നിയമം. കുറച്ച് നാണയങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ അത് തങ്ങള്‍ക്ക് എടുക്കാമായിരുന്നുവെന്നും എന്തൊക്കെയാണെങ്കിലും നിധി കണ്ടെത്തിയതിന്‍റെ പേരില്‍ എന്തെങ്കിലും പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.