യുഡിഎഫ് സർക്കാരിനെ വിമർശിച്ച് മുൻമന്ത്രിയും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ പത്തുകൊല്ലം എൽഡിഎഫ് സ്വീകരിച്ചത് തല ഉയർത്തിപിടിച്ചുള്ള നിലപാടുകളായിരുന്നു എന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമാണെന്നും എന്നാൽ ജനങ്ങൾക്കൊരു തെറ്റുപറ്റി എന്നും പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ മാറ്റമാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ കേരളത്തില്‍ മൂന്നുമാസം കൊണ്ട് മാറ്റമല്ല, പകരം നാറ്റമാണുണ്ടായതെന്നും റിയാസ് വിമര്‍ശിച്ചു. ഓരോ വിഷയങ്ങളെയും പറ്റി സംസാരിച്ച റിയാസ് സര്‍ക്കാരിന്‍റെയും മന്ത്രിമാരുടെയും ഓരോ അഭിപ്രായങ്ങളെയും പരിഹസിച്ചു. മഴ കാരണമാണ് റോഡില്‍ കുഴിയുണ്ടാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നതെന്നും. ആരോഗ്യമന്ത്രിയും പകര്‍ച്ച വ്യാധിക്ക് മഴയെ തന്നെയാണ് പഴിക്കുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി മഴ ഇല്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണമെന്നും പറയുന്നുവെന്ന് റിയാസ് പറഞ്ഞു.
വൈദ്യുതി മേഖലയിലെ സര്‍ക്കാരിന്‍റെ മിസ് മാനേജ്മെന്‍റ് ആണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും മുന്‍പും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നും അതെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ പരിഹരിച്ചിരുന്നുവെന്നും റിയാസ് ഓര്‍മപ്പെടുത്തി. നമ്മൾക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിന് കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. വൈദ്യുതി നിയന്ത്രണം കാരണം രണ്ട് ജീവനുകളാണ് നഷ്ടമായത്. ഇവർ വൈദ്യുതി മേഖലയിലെ വിഡി സതീശൻ സര്‍ക്കാരന്‍റെ മിസ്സ് മാനേജ്മെന്റ് രക്തസാക്ഷികളാണെന്ന് അദേഹം കുറ്റപ്പെടുത്തി.
ഫോണ്‍ വെളിച്ചത്തില്‍ ഓപ്പറേഷന്‍ ചെയ്യേണ്ട ഗതികേട് മുന്‍പ് കേരളത്തിനില്ലായിരുന്നുവെന്നും കറണ്ട് വന്ന ശേഷം സര്‍ജറി ചെയ്യാമെന്ന കെ.മുരളീധരന്‍റെ വാക്കുകളെയും പരിഹസിച്ചു. എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് നേരത്തെ പറഞ്ഞത് കെ മുരളീധരനാണ്. അദ്ദേഹം ദീർഘവീക്ഷണം ഉള്ളയാളെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ സർക്കാർ ആശുപത്രികൾക്ക് നൽകേണ്ട ഫണ്ട് വെട്ടി കുറച്ചെന്നും റിയാസ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ്കാലത്ത് ഏറ്റവും കൂടുതൽ പണം നൽകിയത് സ്വകാര്യ ആശുപത്രികളിലെ കോർപ്പറേറ്റുകൾ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.