വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണം ആലപിച്ചാല്‍ മതിയെന്ന നയം തുടരാന്‍ പിസിസികളോട് എഐസിസി. വര്‍ഷങ്ങളായുള്ള നിലപാടില്‍ മാറ്റമില്ല. ആശയവിനിമയത്തിലെ പാളിച്ചയാണ് എഐസിസി ആസ്ഥാനത്ത് സ്വാതന്ത്രൃ ദിനത്തില്‍ ഉണ്ടായത്. ഇതില്‍ താക്കീതിനപ്പുറത്തേക്ക് സേവാദളിനെതിരെ തുടർനടപടി ഉണ്ടായേക്കില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ ഗോവയില്‍ പങ്കെടുത്ത പരിപാടിയില്‍ ആലപിച്ചത് വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ്. ഇതാണ് പാര്‍ട്ടി നയവും രീതിയുമെന്ന് നേതൃത്വം. 1937ലെ പ്രമേയം കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ആദ്യ രണ്ട് ചരണങ്ങൾ രാജ്യത്തിന്‍റെ പ്രകൃതി ഭംഗിയെ വർണ്ണിക്കുന്നതും പിന്നീടുള്ള വരികൾ ലക്ഷ്മിയോടും ദുർഗയോടും ഉപമിക്കുന്നതുമാണ്. അവ മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തിന് അനുയോജ്യമല്ലാത്ത വരികളാണ്. അത് ആലപിക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
പിസിസികള്‍ കോണ്‍ഗ്രസ് പാരമ്പര്യം കൃത്യമായി തുടരണമെന്നാണ് എഐസിസി നിര്‍ദേശം. ആശയവിനിമയത്തിലെ പാളിച്ചയാണ് എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായതെന്നും നേതൃത്വം പറയുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സേവാദള്‍ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിന് താക്കീത് നല്‍കിയിരുന്നു.
അതേസമയം കോൺഗ്രസ് വന്ദേമാതരത്തെ അപമാനിക്കുന്നത് തുടരുകയാണെന്നും കോൺഗ്രസിലുള്ളത് ദിമാഗി നക്‌സൽ അന്തരീക്ഷമാണെന്നും ഗോവയിലെ പരിപാടി ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശിച്ചു.