വിമാന ടിക്കറ്റ് അമിത നിരക്കിനെതിരെ ഇടപെടലുമായി സുപ്രീംകോടതി. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. 

ടിക്കറ്റ് നിരക്ക് നിയന്ത്രണ മാര്‍ഗരേഖ ഉടനെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിനോട് കേന്ദ്രം മറുപടി നല്‍കി. വിമാന നിരക്കുമായി ബന്ധപ്പെട്ട് കോടതി നിർദേശങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടു. 

ചട്ടങ്ങൾ അന്തിമമാക്കുന്നതുവരെ വിമാനക്കമ്പനികൾക്ക് നിരക്ക് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം (MoCA) ഓഫിസ് മെമ്മോറാണ്ടങ്ങൾ പുറപ്പെടുവിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ വിമാനക്കമ്പനികൾ അവഗണിക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജി സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും.

Also read: പ്രവാസികള്‍ക്ക് ഇരുട്ടടി; കുത്തനെ ഉയർന്ന് കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക്


വിമാന ടിക്കറ്റ് നിരക്കിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും യാത്രക്കാരെ അന്യായവും അമിതവുമായ നിരക്ക് വർധനയിൽ നിന്ന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 

പ്രവാസികള്‍ക്ക് ഇരുട്ടടി; കുത്തനെ ഉയർന്ന് കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക്

വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്‌കൂളുകൾ തുറക്കാനിരിക്കെ, കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ ആദ്യവാരത്തിലും പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ ശ്രമിക്കുന്നതാണ് ടിക്കറ്റ് നിരക്കിൽ വൻ വർധനവുണ്ടാക്കിയത്. കുടുംബത്തോടെ നാട്ടിലെത്തിയ സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത സാമ്പത്തിക തിരിച്ചടിയാണ് ഇപ്പോഴത്തെ അമിത യാത്രാക്കൂലി.

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് യു.എ.ഇയിലേക്കുള്ള നേരിട്ടുള്ള ഇക്കണോമി ക്ലാസ് വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ 35,000 രൂപ മുതൽ 80,000 രൂപയ്ക്ക് മുകളിലാണ് എയർലൈനുകൾ ഈടാക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെല്ലാം സാധാരണ നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ നിലനിന്നിരുന്നതിനാൽ പല പ്രവാസികളും ഉയർന്ന നിരക്ക് കാരണം വൺവേ ടിക്കറ്റെടുത്താണ് അവധിക്കാലത്ത് നാട്ടിലേക്ക് പോയത്. എന്നാൽ തിരിച്ചുവരുന്ന സമയത്ത് ഇത്രയും വലിയ തുകയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് ഇരട്ടി ആഘാതമായി.

സീറ്റുകൾ കുറയുന്നതിനനുസരിച്ച് നിരക്ക് കുതിച്ചുയരുന്ന 'ഡിമാൻഡ് അധിഷ്ഠിത നിരക്ക് സമ്പ്രദായം' വിമാനക്കമ്പനികൾ കർശനമാക്കിയതാണ് ടിക്കറ്റ് വില കുതിക്കാൻ ഇടയാക്കിയത്. നാലംഗ കുടുംബത്തിന് മടങ്ങിയെത്താൻ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നത് മൂലം പലരും യാത്ര നീട്ടിവെക്കാനും കുട്ടികളുടെ സ്കൂൾ പ്രവേശനം വൈകിപ്പിക്കാനും നിർബന്ധിതരാകുന്നു. മറ്റ് ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നുള്ള സെക്ടറുകളിലാണ് ഈ വൻ നിരക്ക് വർധനവ് അധികവും ബാധിക്കുന്നത്. സ്കൂൾ തുറക്കുന്ന സീസണുകളിലെ ഇത്തരം ചൂഷണങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ENGLISH SUMMARY:

Supreme Court intervention on flight ticket price hike is a significant development, with the court warning of strict action if guidelines are not followed. The center has informed the court that airfare regulation guidelines will be issued soon, addressing concerns about excessive pricing, especially for flights from Kerala to the Gulf.