എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. രണ്ട് മാസം മുമ്പാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ 'ഹണിട്രാപ്പിൽ' കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ ചോർത്തിയത്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചാരവൃത്തി ശൃംഖലയാണ് ഇതിനു പിന്നിലെന്ന് ഡൽഹി പൊലീസിലെ ഉന്നത വൃത്തങ്ങൾ പറയുന്നു. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് 31-നാണ് വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ഇദ്ദേഹത്തെ പിന്നീട് തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി ഒരു സ്ത്രീ ഇദ്ദേഹവുമായി ബന്ധപ്പെടുന്നത്. പിന്നീട് വിഡിയോ കോളുകളിലൂടെയും ചാറ്റുകളിലൂടെയും ഇവർ അടുത്ത ബന്ധം സ്ഥാപിച്ചു. വിശ്വാസം നേടിയെടുത്ത ശേഷം സൈനിക യൂണിറ്റുകളുടെ നീക്കങ്ങളെയും വിന്യാസങ്ങളെയും കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും പങ്കുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക രേഖകളും നിർണായക വിവരങ്ങളും ഡിജിറ്റൽ മാധ്യമങ്ങൾ വഴി ഉദ്യോഗസ്ഥന്‍ ഈ സ്ത്രീക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, സഹപ്രവർത്തകന്‍റെ ഫോണിൽ ഡേറ്റ ചോർത്തുന്ന പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനും വിങ് കമാൻഡർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. രഹസ്യ വിവരങ്ങൾ ചോർത്താനും ലൊക്കേഷൻ ട്രാക്ക് ചെയ്യാനും ലക്ഷ്യമിട്ടുള്ള റിമോട്ട് ആക്സസ് മാൽവെയർ ആണ് ഫോണിൽ സ്ഥാപിച്ചത്. പാകിസ്ഥാനിലെ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരമാണ് സ്ത്രീ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിരോധ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് രഹസ്യവിവരങ്ങൾ ചോർത്താൻ രൂപീകരിച്ച ഒരു സംഘടിത ഹണിട്രാപ്പ് മൊഡ്യൂളിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ ഡിജിറ്റൽ തെളിവുകളും വിദേശത്തുള്ള ഹാൻഡ്ലർമാരെയും കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചോർന്ന വിവരങ്ങൾ രാജ്യസുരക്ഷയെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. പ്രതിരോധ സേനാംഗങ്ങൾ നിരീക്ഷണത്തിലാണെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യോമസേന വക്താവ് വ്യക്തമാക്കി.