bangla-desh

2024 ഓഗസ്റ്റ് 5 ന് ബംഗ്ലദേശിൽ നടന്ന തീവ്രമായ വിദ്യാർഥി പ്രക്ഷോഭങ്ങളെയും ജനരോഷത്തെയും തുടർന്ന്, പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീന ജീവന് ഭീഷണി ഉണ്ടായതിനെത്തുടർന്ന് രാജ്യം വിടുകയായിരുന്നു. ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി. ഇപ്പോള്‍, പലായനത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹസീന. ഫോറിന്‍ കറസ്പോണ്‍ഡന്‍സ് ക്ലബ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച പരിപാടിയിലാണ് ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി വിഡിയോ കോളിലെത്തിയത്.

തന്‍റെ പലായനശേഷം ബംഗ്ലദേശിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഹസീന സംസാരിച്ചു. ബംഗ്ലദേശില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായ ആളുകളെ തുറന്നുവിട്ടിരിക്കുകയാണെന്ന് ഹസീന പറഞ്ഞു. പിന്നാലെ ബംഗ്ലദേശ് മറ്റൊരു പാക്കിസ്ഥാനായി മാറിക്കഴിഞ്ഞെന്നും, ഈ മാറ്റത്തെ ഇന്ത്യ ജാഗ്രതയോടെ നോക്കിക്കാണണമെന്നും പറഞ്ഞുകൊണ്ട് ഹസീനയുടെ മകനും ഉപദേശകനുമായ സജീബ് വസേബ് ജോയും രംഗത്തെത്തിയിരിക്കുകയാണ്. 2024ലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലദേശിനോട്, പാക്കിസ്ഥാന്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് ഹസീനയുടെ മകന്‍റെ പരാമര്‍ശം. ബംഗ്ലദേശിലെ സമ്പദ്‍വ്യവസ്ഥ മുഹമ്മദ് യൂനുസിന് കീഴിലുള്ള ഭരണകൂടം തകര്‍ത്തെന്നും ബംഗ്ലദേശ് ഒരു തെമ്മാടി രാജ്യമാകുമെന്നും സജീബ് വസേബ് ജോയ് പറഞ്ഞു. Also Read: വരുന്നത് സമ്പൂർണ്ണ സൂര്യഗ്രഹണം; പകല്‍ കൂരാക്കൂരിരുട്ട് മൂടും; ഇനി ദിവസങ്ങള്‍ മാത്രം!.


അതേസമയം, ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയെ അതൃപ്തി അറിയിച്ച് ബംഗ്ലദേശും രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തിന് അനുമതി നല്‍കിയ നടപടി ഇന്ത്യ ബംഗ്ലദേശ് ബന്ധത്തെ ബാധിക്കുമെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അനുമതി നല്‍കരുതെന്ന് ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും ബംഗ്ലദേശ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍‌.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ വിട്ട് തരണമെന്ന് ഇതിനോടകം പലതവണ ബംഗ്ലദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ ബംഗ്ലദേശിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ക്ക് ഇതില്‍ ഒഴിവുണ്ട്. സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്ന വ്യവസ്ഥ മുന്‍നിര്‍ത്തി ഹസീനയെ ഇന്ത്യ കൈമാറില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ബംഗ്ലദേശ് ജനതയുടെ താല്‍പര്യവും സമാധാനവും കണക്കിലെടുത്തുള്ള നടപടി മാത്രമേ ഇന്ത്യ സ്വീകരിക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Sheikh Hasina's recent reappearance after fleeing Bangladesh marks a significant political development. Her statements about the country's current state and her son's warnings have drawn attention to the evolving India-Bangladesh relationship.