Image: X, @MirzaZulqrnainA
ബ്രിട്ടണില്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ മന്ത്രി പാക് അധീന കശ്മീരിലെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിലെ പ്രതിയായിരുന്ന റുഖ്സാർ അഹമ്മദ് ആണ് വീണ്ടും ജനപ്രതിനിധിയായെത്തുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസിനെ പ്രതിനിധീകരിച്ചാണ് 62-കാരനായ റുഖ്സാർ അഹമ്മദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: ‘അവര്‍ എന്‍റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്തു, തൊടാന്‍ തുടങ്ങി, സ്വയം ഒരു മാംസക്കഷ്ണം പോലെ തോന്നി’
2024ലാണ് റുഖ്സാര്‍ അഹമ്മദിനെ മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തത്. മാഞ്ചസ്റ്ററിലെ റഷ്ഹോം പ്രദേശത്ത് താമസിച്ചിരുന്ന കാലത്ത് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് രണ്ട് സ്ത്രീകള്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ പാക് അധീന കശ്മീരിലെ പൊതുപ്രവര്‍ത്തകനാണെന്ന് ബ്രിട്ടീഷ് പൊലീസ് മനസിലാക്കിയത്. മാഞ്ചസ്റ്ററിലെ പാക് സമൂഹത്തില്‍ വലിയ സ്വാധീനമുള്ള നേതാവായിരുന്നു റുഖ്സാര്‍.
അറസ്റ്റിനു ശേഷം റുഖ്സാര്‍ ജാമ്യത്തിലിറങ്ങി. ജൂലൈയില്‍ വീണ്ടും പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ല. എന്നാല്‍ ഇതേ കാലയളവില്‍ മിര്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും പ്രചാരണരംഗത്തും ഇയാള്‍ സജീവമായിരുന്നുവെന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കുകയാണ്. അടുത്ത ആറാഴ്ചക്കകം ഇയാളോട് ഹാജരാവാന്‍ ബ്രിട്ടീഷ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ ശക്തമായ നടപടിക്കും സാധ്യതയുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.
Also Read: മുത്തശ്ശിയും അമ്മയും ചേർന്ന് നാല് മക്കളെ കൊന്നു; 'രക്ഷിക്കാനാണ് ചെയ്തതെന്ന്' കുറിപ്പെഴുതി ജീവനൊടുക്കി
1990–2000 കാലത്ത് യുകെയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നും സമ്മാനങ്ങളും നൽകി വശീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കടത്തുകയും ചെയ്ത സംഭവങ്ങളാണ് ‘ഗ്രൂമിങ് ഗ്യാങ്’ എന്നറിയപ്പെടുന്നത്. എന്നാല്‍ വംശീയ അധിക്ഷേപ ആരോപണങ്ങൾ ഭയന്ന് പ്രാദേശിക ഭരണകൂടവും പൊലീസും ഇത്തരം പരാതികളിൽ നടപടിയെടുത്തിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു.