us-murder

നാല് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശ്ശിയും ജീവനൊടുക്കിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് അമേരിക്ക. കുട്ടികളെ 'രക്ഷിക്കാനാണ്' കൊലപ്പെടുത്തിയതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. എന്നാൽ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം എന്താണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. മാനസിക പ്രശ്നങ്ങളോ മറ്റേതെങ്കിലും വിശ്വാസങ്ങളോ സംഭവത്തിന് പിന്നിലുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

44-കാരിയായ സാറാ മയേഴ്സും   64-കാരിയായ അമ്മ ഏമി സ്റ്റെഡ്മാനും   ചേർന്നാണ് ഹാർപ്പർ ഹാർമൺ (13), ഹഡ്സൺ ഹാർമൺ (11), ഇരട്ടകളായ ഗാവിൻ, ഗ്രേസ്ലിൻ ഹാർമൺ (10) എന്നിവരെ കൊലപ്പെടുത്തിയത്. തുടർന്ന് ഇരുവരും ജീവനൊടുക്കി.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പേരക്കുട്ടികളെ 'രക്ഷിക്കാനാണ്' ഈ കടുംകൈ ചെയ്തതെന്നാണ് മുത്തശ്ശി എഴുതിയിരിക്കുന്നത്. കുട്ടികൾ പീഡനത്തിനിരയായിരുന്നുവെന്നും കുറിപ്പിൽ പരാമർശമുണ്ട്. അതേസമയം, സാറയും സമാനമായ കുറിപ്പെഴുതിയിരുന്നു. ഭർത്താവിനൊപ്പം യൂട്ടായിൽ താമസിച്ചിരുന്ന കാലത്ത് താനും കുട്ടികളും പീഡനം നേരിട്ടതായി അവർ കുറിച്ചിട്ടുണ്ടെങ്കിലും, ആരിൽ നിന്നുള്ള പീഡനമാണെന്നോ അതിന്‍റെ സ്വഭാവമെന്തെന്നോ വ്യക്തമല്ല.

അന്വേഷണത്തിൽ, വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുകൾ വാങ്ങുകയും ഏതൊക്കെ മരുന്നുകൾ എത്ര അളവിൽ നൽകിയാൽ മരണം സംഭവിക്കുമെന്നതിനെക്കുറിച്ച് ഇരുവരും ഓൺലൈനിൽ ചർച്ച നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. നാല് കുട്ടികളെയും ഒരിടത്ത് ഒരുമിച്ച് എത്തിക്കുന്നതിനെക്കുറിച്ചും ഇവർ തമ്മിൽ സന്ദേശങ്ങൾ കൈമാറിയിരുന്നു.

മൂന്ന് കുട്ടികളെ വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്നും നാലാമത്തെ കുട്ടിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് സാറയും അമ്മയും ആത്മഹത്യ ചെയ്തു. കൃത്യം ചെയ്യുന്നതിന്  തൊട്ടുമുമ്പ് സാറ മുൻഭർത്താവിന് സന്ദേശം അയച്ചിരുന്നു. ഏകദേശം 2,000 മൈൽ അകലെയുള്ള യൂട്ടായിലായിരുന്നു മുൻഭർത്താവിന്‍റെ താമസം. കുട്ടികളെ കാണാനായി ഇയാള്‍ എത്താനിരിക്കെയാണ  സന്ദേശം ലഭിച്ചത്. കുട്ടികൾക്ക് വയറുവേദനയും അസുഖവുമുണ്ടെന്നാണ് സാറ അവസാനമായി അറിയിച്ചത്. എന്നാൽ ആ സന്ദേശം അയയ്ക്കുമ്പോഴേക്കും നാല് കുട്ടികളെയും കൊലപ്പെടുത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2019 മുതൽ വേർപിരിഞ്ഞ് കഴിയുകയായിരുന്ന മുൻഭർത്താവ് കുട്ടികളെ വീണ്ടും കാണാനുള്ള ശ്രമത്തിനിടെയായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

In a tragic incident in the US, a 44-year-old mother, Sarah Myers, and her 64-year-old mother, Amy Stedman, murdered four children before taking their own lives. A suicide note left at the scene claimed the extreme act was done to "save" the children from alleged abuse.