പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്തതിന് മാര്‍ക്ക് സക്കര്‍ബര്‍ഗിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ഐ.ടി സെക്രട്ടറിയെ കണ്ട് മെറ്റ ഗ്ലോബല്‍ ടീം. ഐടി മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. ഐടി മന്ത്രാലയം നോട്ടീസ് നൽകിയതനുസരിച്ചാണ് മെറ്റ ഗ്ലോബൽ പോളിസി മേധാവി അടക്കമുള്ളവർ ഐടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ് നീക്കം ചെയ്യാൻ കാരണമെന്താണ് എന്നതാണ് പ്രധാനമായും ഐടി മന്ത്രാലയം അന്വേഷിച്ചത്. സാങ്കേതിക പിഴവാണ് പോസ്റ്റ് നീക്കം ചെയ്യാന്‍ കാരണമെന്ന് വ്യക്തമാക്കിയ മെറ്റ ഗ്ലോബല്‍ ടീം ഇത് കാര്യകാരണ സഹിതം ഐടി സെക്രട്ടറിക്ക് മുമ്പില്‍ വിശദീകരിച്ചു. മെറ്റ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും സ്ത്രീ വിരുദ്ധ പോസ്റ്റുകളും കൂടുതലായി കടന്നുവരുന്നു. ഇതിനെതിരായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐടി സെക്രട്ടറി ആവശ്യപ്പെട്ടു.
ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായും സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. നേരത്തെ ഇക്കാര്യം പരിഗണിച്ച പാർലമെന്ററി സമിതി മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് മൂന്ന് ദിവസത്തിനകം മാപ്പപേക്ഷ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയത് ജനാധിപത്യത്തിന്‍മേലുള്ള ആക്രമണമായാണ് കണക്കാക്കുന്നത്. മറുപടി നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ സമൂഹമാധ്യമ പരിരക്ഷ എടുത്തുകളയുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.