jaishe-suspect-jantar-manta-stf
  • 'പൊലീസ് വേഷത്തില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ കയറിക്കൂടി അട്ടിമറി സൃഷ്ടിക്കാന്‍ ഹമീമിന് നിര്‍ദേശം ലഭിച്ചിരുന്നു'വെന്ന് എസ്ടിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഗൗരവ് ശര്‍മ

ജന്തര്‍ മന്തറില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പൊലീസ് വേഷത്തില്‍ ജയ്ഷെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചെന്ന് സൂചന. ബംഗാള്‍ പൊലീസിന്‍റെ പിടിയിലായ ജയ്ഷെ ഭീകരന്‍ ഹമീം മണ്ഡലില്‍ നിന്നാണ് സ്പെഷല്‍ ടാസ്ക് ഫോഴ്സിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാളെ ബംഗാള്‍ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് ഹമീം പിടിയിലായത്. 'പൊലീസ് വേഷത്തില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ കയറിക്കൂടി അട്ടിമറി സൃഷ്ടിക്കാന്‍ ഹമീമിന് നിര്‍ദേശം ലഭിച്ചിരുന്നു'വെന്ന് എസ്ടിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഗൗരവ് ശര്‍മ വെളിപ്പെടുത്തി. 

ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും ഭീകരര്‍ ലക്ഷ്യമിട്ടതായും എസ്ടിഎഫ് പറയുന്നു. സുവേന്ദു അധികാരി പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങളും സുരക്ഷാസംഘം ഒപ്പമില്ലാത്ത നേരവും നിരീക്ഷിച്ച് വിവരം കൈമാറാന്‍ ചുമതലപ്പെടുത്തിയിരുന്നതായാണ് വിവരം.

ഹമീമില്‍ നിന്നും ജയ്ഷെ ചാരന്‍മാരുടെ വിവരങ്ങള്‍ എസ്ടിഎഫിന് ലഭിച്ചതായാണ് സൂചന. ഹമീമിന്‍റെ കാമുകി അര്‍പിത സര്‍ക്കാര്‍ വെള്ളിയാഴ്ച ജാര്‍ഖണ്ഡില്‍ നിന്നും പൊലീസിന്‍റെ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഹമീമിനെ കുടുക്കിയത്. മന്ത്രി ഉമേഷ് റായിയുടെ മകനെ തട്ടിക്കൊണ്ടുപോയി ഹണിട്രാപ്പില്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതിനിടെയാണ് അര്‍പ്പിത പിടിയിലായത്. 

ഷെഹ്സാദി ഭട്ടി ഗ്യാങുമായി ചേര്‍ന്ന് പാക്കിസ്ഥാനായി ഇരുവരും പ്രവര്‍ത്തിച്ചതായും സൂചനകളുണ്ട്. ഇവരില്‍ നിന്നും യുകെ, മെക്സിക്കോ സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. സ്ലീപ്പര്‍ സെല്ലുകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഹമീമിനെ കോടതി രണ്ടാഴ്ചത്തെ എസ്ടിഎഫ് കസ്റ്റഡിയില്‍ വിട്ടു.

ENGLISH SUMMARY:

West Bengal Police's Special Task Force has arrested a Jaish-e-Mohammed terrorist named Hameem from Purba Bardhaman district, who revealed a conspiracy to infiltrate protests at Jantar Mantar disguised as a police officer. According to STF Inspector General Gaurav Sharma, the suspect was also tasked with monitoring senior leader Suvendu Adhikari's public events. Hameem's arrest followed leads from his accomplice Arpita Sarkar, with investigators recovering UK and Mexican SIM cards linked to the network.