സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തടയാൻ 'എസ്മ' പ്രയോഗിക്കാൻ തീരുമാനം. സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്മ' പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നൽകി. 2025-26 വർഷത്തെ ബോണസ് തർക്കത്തെ തുടർന്നാണ് ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സെപ്റ്റംബര്‍ 17 മുതല്‍ സമരത്തിലേക്ക് കടക്കുന്നത്. പ്രധാനമായും ഐ.എൻ.ടി.യു.സി യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യ സേവനമായതിനാൽ സമരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ആംബുലൻസ് സർവീസുകൾ മുടങ്ങുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളെയും പൊതുജനങ്ങളെയും കടുത്ത പ്രയാസത്തിലാക്കുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ. ഏത് യൂണിയൻ മുന്നോട്ട് വെക്കുന്ന ആവശ്യമാണെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സമരമാർഗ്ഗങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് ആരോഗ്യമന്ത്രി. സമരം മൂലം സർവീസ് തടസ്സപ്പെടുത്തുകയോ വാഹനം നിരത്തിലിറക്കാതിരിക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ 'എസ്മ' പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.