കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ പിതാവിന്‍റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സൂറത്തിലെ വിവരാവകാശ (RTI) പ്രവർത്തകൻ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പിതാവ് മകന്‍റെ വിദേശ പഠനത്തിന് എങ്ങനെ പണം കണ്ടെത്തിയെന്നാണ് ഇയാൾ ചോദ്യം ചെയ്തത്.

സിജെപി പ്രവർത്തകർ നേരിടുന്ന പൊലീസ് കേസുകൾക്കായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച 1 കോടി രൂപയുടെ ലീഗൽ ഡിഫൻസ് ഫണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർടിഐ പ്രവർത്തകനായ അമിത് തിവാരി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നികുതി അധികൃതർക്കും കത്തയച്ചിട്ടുണ്ട്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭഗവന്‍‌റാവോ ദിപ്കെയുടെ സാമ്പത്തിക പശ്ചാത്തലവും മകന്‍റെ വിദേശത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചെലവുകളും പരിശോധിക്കണമെന്നാണ് തിവാരി ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുമ്പോൾ സിജെപിക്ക് ഫണ്ട് സ്വീകരിക്കാൻ സാധിക്കുമോ എന്നും സംഘടനയുടെ നിയമപരമായ പദവിയെക്കുറിച്ചും തിവാരി സംശയം ഉന്നയിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയാണെങ്കിലും രാഷ്ട്രീയ പാർട്ടിയായാണ് പ്രവർത്തിക്കുന്നത്. ലീഗൽ ഡിഫൻസ് ഫണ്ടായി 1 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം സിജെപി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം,’ തിവാരി പറഞ്ഞു.

സിജെപി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്നതും ഫണ്ടുകൾ സമാഹരിക്കുന്നതും സ്വീകരിക്കുന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന് അമിത് തിവാരി ചൂണ്ടിക്കാട്ടി. ലീഗൽ ഡിഫൻസ് ഫണ്ടിലേക്ക് കപിൽ സിബൽ നൽകുന്ന തുകയ്ക്ക് ജിഎസ്‌ടി ബാധകമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിവാരി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിനെയും സമീപിച്ചിട്ടുണ്ട്.

നീറ്റ്  ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സമരക്കാർക്ക് നിയമസഹായം നൽകുന്നതിനായി സിജെപി രൂപീകരിച്ച ഫണ്ടിലേക്ക് 1 കോടി രൂപ സംഭാവന നൽകുമെന്ന് തിങ്കളാഴ്ചയാണ് കപിൽ സിബൽ പ്രഖ്യാപിച്ചത്.

ENGLISH SUMMARY:

A probe into the financial sources of the father of Abhijit Dipke, founder of the Cockroach Janata Party, has been demanded by an RTI activist. The activist is questioning how a retired Maharashtra government servant could fund his son's foreign education and has called for an examination of the Rs 1 crore legal defense fund announced by Kapil Sibal for CJP workers facing police cases.