Image Credit: X
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 209 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡല്‍ഹിയില്‍ 202 രൂപയാണ് കുറഞ്ഞത്. ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് നിലവിലെ വില 2,872.50 രൂപയായി. ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടർ വില 2,738 രൂപയായി കുറഞ്ഞു. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ഇന്ധനവിലയിലുണ്ടായ മാറ്റങ്ങളാണ് വില കുറയ്ക്കാന്‍ കാരണം.
കഴിഞ്ഞ മെയ് മാസത്തിൽ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് വാണിജ്യ എൽ.പി.ജി വില കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ വിതരണ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന്, കഴിഞ്ഞ ജൂൺ 25-ന് വ്യവസായ- വാണിജ്യ എൽ.പി.ജി വിതരണം പൂര്‍വ്വ സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കുകയും മുൻപ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയ്ക്കുന്നത്.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടർ വിലയിൽ ഇളവ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസം ഒന്നാം തീയ്യതി 183 രൂപ 50 പൈസയും കുറച്ചിരുന്നു.