mod-meta

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്സ്ബുക്ക് വിഡിയോ നീക്കം ചെയ്ത നടപടിയിൽ സർക്കാരിന് രേഖ മൂലം വിശദീകരണം നൽകി മെറ്റ. എഐ ഓട്ടോമേറ്റഡ് ഫിൽറ്ററുകൾക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് കാരണമെന്നാണ് മറുപടി. പ്രമുഖരുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷയും കർശന മേൽനോട്ടവും ഉറപ്പാക്കുമെന്നും മെറ്റ ഉറപ്പ് നൽകി. പ്രധാനമന്ത്രിയുടേത് പോലുള്ള വിഐപി അക്കൗണ്ടുകളിൽ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകളും മേൽനോട്ടവും ഉണ്ടാകുമെന്നും മെറ്റ സർക്കാരിനെ അറിയിച്ചു.

അതേസമയം, വിഷയത്തില്‍ കൂടുതൽ ചർച്ചകൾക്കായി മെറ്റയുടെ ഉന്നതതല സംഘം കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നും, കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നുമാണ് ഐടി സെക്രട്ടറി എസ്.കൃഷ്ണന്‍റെ നിർദേശം. സംഭവത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം മെറ്റയുടെ ഗ്ലോബൽ പബ്ലിക് പോളിസി മേധാവിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

ജൂലൈ 23ന് പ്രധാനമന്ത്രി യുവാക്കൾക്കായി പങ്കുവച്ച സെൽഫി വിഡിയോയാണ് ഫെയ്സ്ബുക്കില്‍ നിന്ന് കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമായത്. സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവതലമുറയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ സന്ദേശമായിരുന്നു വിഡിയോയുടെ ഉള്ളടക്കം. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വീഡിയോയിൽ പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ വിഡിയോ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തടഞ്ഞിരിക്കുന്നു എന്ന സന്ദേശമാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. തുടർന്ന് സംഭവം വിവാദമായതോടെയാണ് മെറ്റ വിഡിയോ പുനഃസ്ഥാപിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് ആ വിഡിയോ ബ്ലോക്ക് ചെയ്യപ്പെട്ടതെന്നും തെറ്റായി നീക്കം ചെയ്ത ഉള്ളടക്കം വീണ്ടും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുകയുണ്ടായി.

ENGLISH SUMMARY:

Meta has provided a formal written explanation to the Indian government regarding the brief removal of Prime Minister Narendra Modi's Facebook video, attributing the incident to a technical glitch caused by automated AI filters. The company has assured stricter monitoring, enhanced security, and direct oversight by senior officials for VIP accounts, while a high-level Meta delegation prepares for further discussions with central authorities. However, IT Secretary S. Krishnan noted that the explanation is not entirely satisfactory and demanded more detailed information, following the IT Ministry's direct summons to Meta's global public policy head over the July 23 video addressing youth regarding strict measures and fast-track courts against examination paper leaks, a restriction that had sparked widespread controversy before Meta restored the content and issued an apology.