അഡ്മിഷന്‍ നല്‍കാത്തതിന് പ്രതികാരമായി ഐഐടി കാണ്‍പൂരിന്‍റെയും ഐഐടി ചെന്നൈയുടെയും വെബ്സൈറ്റ് ഹാക്ക് ചെയ്ത അപേക്ഷാര്‍ഥിക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കില്ല. പകരം യുവാവിന് വീണ്ടും കോഴ്സിനായുള്ള യോഗ്യതാ പരീക്ഷയില്‍ അവസരം നല്‍കാന്‍ ഐഐടി കാണ്‍പൂര്‍ നയം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി തുടങ്ങിയ ബാച്‍ലര്‍ ഓഫ് സൈബര്‍ സെക്യൂരിറ്റി കോഴ്സിന് യുവാവ് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഫീസടച്ചിട്ടും 13 വയസ് തൊട്ടുള്ള തന്‍റെ ഹാക്കിങ്ങിനോടും സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അഭിനിവേശവും മുന്‍പ് ചെയ്തിട്ടുള്ള ജോലികളുടെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളുമായി യുവാവ് കോഴ്സിന് അപേക്ഷിച്ചു. എന്നാല്‍ യുവാവിനെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. പ്രോഗ്രാമില്‍ ചേരാനായുള്ള ഹാക്കത്തോണ്‍ എന്ന ഹാക്കിങ് മല്‍സര പരീക്ഷയിലും യുവാവിന് പങ്കെടുക്കാനായില്ല.
പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തെങ്കിലും വലിയൊരു ശതമാനം സീറ്റുകളും കാലിയാണെന്ന് യുവാവ് കണ്ടെത്തി. നിരാശനായ യുവാവ് തന്നെ തിരഞ്ഞെടുക്കാതിരുന്ന ഐഐടി മദ്രാസിന്‍റെ തന്നെ വെബ്സൈറ്റില്‍ സൈബര്‍ സെക്യൂരിറ്റി ഭേദിച്ച് അകത്തുകയറി. തുടര്‍ന്ന് പരീക്ഷയില്‍ തോറ്റവരുടെയും സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെയും യോഗ്യതാ പത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അപേക്ഷകരുടെ യോഗ്യത പരിശോധിക്കുന്നതില്‍ ഐഐടി മദ്രാസ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതായി യുവാവ് അവകാശപ്പെടുന്നു.
'ചെങ്ങായീനെ കണ്ടെത്തി; പക്ഷേ... ആശുപത്രിയിലാണ്’; യൂട്യൂബർ ദിൽഷാദിനെക്കുറിച്ച് വിവരം ലഭിച്ചു...
ഇതിനിടെ യുവാവ് ഇതേ കോഴ്സിന് ഐഐടി കാണ്‍പൂരിലും അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെയും യുവാവിന് അഡ്മിഷന്‍ കിട്ടിയില്ല. മദ്രാസ് ഐഐടിയുടെ സൈബര്‍ സെക്യൂരിറ്റി അനായാസം തകര്‍ക്കാനായതോടെ ഐഐടി കാണ്‍പൂരിന്‍റെയും സൈബര്‍ വിഭാഗം യുവാവ് പരിശോധിച്ചു. ഇതും അനായാസം തകര്‍ത്ത് യുവാവ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. രണ്ട് സ്ഥാപനങ്ങളുടെയും വെബ്സൈറ്റില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമടക്കം സ്വകാര്യ രേഖകളടക്കം ഉണ്ടായിരുന്നു.
ഐഐടി കാണ്‍പൂരിനോട് വെബ്സൈറ്റിലെ സൈബര്‍ സെക്യൂരിറ്റിയില്‍ അനേകം പോരായ്മകളുണ്ടെന്നും കോഴ്സിന് അപേക്ഷിച്ചവര്‍ക്ക് ഒരുവട്ടം കൂടി അവസരം നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയൊന്നും കിട്ടിയില്ല. ഇതോടെ യുവാവ് രണ്ട് ഐഐടികളുടെയും വെബ്സൈറ്റ് പൂര്‍ണമായും ഹാക്ക് ചെയ്യുകയായിരുന്നു.
വൈകാതെ ഹാക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ സൈബര്‍ സുരക്ഷ പഠിപ്പിക്കാന്‍ ക്ലാസെടുക്കാന്‍ പോകുന്ന ഐഐടിയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്ത യുവാവിനെ പ്രശംസിച്ച് ആളുകള്‍ രംഗത്തെത്തി.
പക്ഷെ യുവാവ് നടത്തിയത് നിയമവിരുദ്ധ പ്രവര്‍ത്തിയായതിനാല്‍ ഐഐടികള്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു നിഗമനം. ഇതിനിടെ ഇതില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ സൈബര്‍ സെക്യൂരിറ്റി ഭേദിച്ച യുവാവിന്‍റെ കഴിവിനെ അംഗീകരിക്കുകയാണ് ഐഐടി കാണ്‍പൂര്‍ ചെയ്യാനുദ്ദേശിക്കുന്നത്. ആരെയും ബുദ്ധിമുട്ടിക്കാനല്ല മറിച്ച് തന്‍റെ കഴിവ് തെളിയിക്കാനാണ് യുവാവ് തീരുമാനിച്ചതെന്നത് ഐഐടി അധികൃതര്‍ നിരീക്ഷിച്ചു.
യുവാവിനെ മുന്‍പ് ഒഴിവാക്കിയത് സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പരിചയസമ്പന്നത ഇല്ല എന്നത് കണക്കാക്കിയാണെന്ന് ഐഐടി ഡയറക്ടര്‍ മഹീന്ദ്ര അഗര്‍വാള്‍ പിടിഐയോട് പറഞ്ഞു. എന്നാല്‍ നിലവിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായി ക്ലാസ് തുടങ്ങി. ഈ ബാച്ചിലേക്ക് യുവാവിനെ ചേര്‍ക്കാനാവില്ല, മറിച്ച് അടുത്ത വര്‍ഷത്തെ ബാച്ചിലെ പരീക്ഷയ്ക്ക് യുവാവിനെ നേരിട്ട് ക്ഷണിക്കാനാണ് തീരുമാനം.