സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്നാണ് സൈബര്‍ സെക്യൂരിറ്റി. വന്‍കിട സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമടക്കം സൈബര്‍ സെക്യൂരിറ്റിക്കായി വന്‍തുകയാണ് ചിലവഴിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ശോഭിക്കണമെന്ന  ആഗ്രഹത്തോടെ ഐഐടി മദ്രാസിനെ സമീപിച്ച് അവസരം നിഷേധിക്കപ്പെട്ട ഒരു യുവാവിന്‍റെ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തനിക്ക് അവസരം നിഷേധിച്ച ഐഐടി മദ്രാസിന്‍റെ സൈബര്‍ സെക്യൂരിറ്റി തകര്‍ത്ത് വെബ്സൈറ്റ് ഹാക്ക് ചെയ്താണ് യുവാവ് പ്രതിഷേധിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്തതിന്‍റെ തെളിവായി ചിത്രങ്ങള്‍ യുവാവ് എക്സില്‍ പങ്കുവച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഐടി മദ്രാസില്‍ ബാച്‍ലര്‍ ഓഫ് സയന്‍സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം  പഠനത്തിന് യുവാവ് അപേക്ഷ നല്‍കിയിരുന്നു. യുവാവ് താ‍ന്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും ഫീസടച്ചതായും ആവശ്യമായ രേഖകള്‍ കൈമാറിയതായും അവകാശപ്പെടുന്നു. മുന്‍പ് താന്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയസമ്പന്നനാണെന്ന രേഖകളും യുവാവ് കൈമാറി. എന്നാല്‍ യുവാവിനെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. പ്രോഗ്രാമില്‍ ചേരാനായുള്ള ഹാക്കത്തോണ്‍ എന്ന ഹാക്കിങ് മല്‍സര പരീക്ഷയിലും യുവാവിന് പങ്കെടുക്കാനായില്ല. 

 

എന്നാല്‍ പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തെങ്കിലും വലിയൊരു ശതമാനം സീറ്റുകളും കാലിയാണെന്ന് യുവാവ് കണ്ടെത്തി. നിരാശനായ യുവാവ് തന്നെ തിരഞ്ഞെടുക്കാതിരുന്ന ഐഐടി മദ്രാസിന്‍റെ തന്നെ വെബ്സൈറ്റില്‍ സൈബര്‍ സെക്യൂരിറ്റി ഭേദിച്ച് അകത്തുകയറി. തുടര്‍ന്ന് പരീക്ഷയില്‍ തോറ്റവരുടെയും സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെയും യോഗ്യതാ പത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അപേക്ഷകരുടെ യോഗ്യത പരിശോധിക്കുന്നതില്‍ ഐഐടി മദ്രാസ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതായി യുവാവ്  അവകാശപ്പെടുന്നു. 

ഇതിനിടെ യുവാവ് ഇതേ കോഴ്സിന് ഐഐടി കാണ്‍പൂരിലും അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെയും യുവാവിനെ തിരിഞ്ഞെടുത്തില്ല. മദ്രാസ് ഐഐടിയുടെ സൈബര്‍ സെക്യൂരിറ്റി അനായാസം തകര്‍ക്കാനായതോടെ ഐഐടി കാണ്‍പൂരിന്‍റെയും സൈബര്‍ വിഭാഗം യുവാവ് പരിശോധിച്ചു. ഇതും അനായാസം തകര്‍ത്ത് യുവാവ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. രണ്ട് സ്ഥാപനങ്ങളുടെയും വെബ്സൈറ്റില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമടക്കം സ്വകാര്യ രേഖകളടക്കം ഉണ്ടായിരുന്നു. 

ഐഐടി കാണ്‍പൂരിനോട് വെബ്സൈറ്റിലെ സൈബര്‍ സെക്യൂരിറ്റിയില്‍ അനേകം പോരായ്മകളുണ്ടെന്നും കോഴ്സിന് അപേക്ഷിച്ചവര്‍ക്ക് ഒരുവട്ടം കൂടി അവസരം നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയൊന്നും കിട്ടിയില്ല. ഇതോടെ യുവാവ് രണ്ട് ഐഐടികളുടെയും വെബ്സൈറ്റ് പൂര്‍ണമായും ഹാക്ക് ചെയ്യുകയായിരുന്നു.

രണ്ട് ഐഐടികളിലെയും വെബ്സൈറ്റ്, അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആക്സസ് ചെയ്യാന്‍ പറ്റാത്ത രീതിയിലായിരുന്നു യുവാവിന്‍റെ ഹാക്കിങ്. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന സന്ദേശമാണ് വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ വന്നത്. വെബസൈറ്റ് അഡ്മിനിസ്ട്രേറ്റര്‍മാരോട് അപേക്ഷകരുടെ അപേക്ഷ വായിക്കാന‍് അഞ്ച് മിനിറ്റെങ്കിലും ക്ഷമ കാണിക്കണമെന്നും സന്ദേശമുണ്ട്. ഐഐടി അധികൃതര്‍ക്ക് സൈറ്റ് ലഭിച്ചിരുന്നില്ലെങ്കിലും സാധാരണക്കാര്‍ക്ക് സൈറ്റ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായില്ല.

13 വയസുമുതല്‍ സൈബര്‍ സുരക്ഷയില്‍ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു. ഇത്തരം ഒരനീതി അംഗീകരിക്കാനാവില്ലെന്നും യുവാവ് പറഞ്ഞു. നിലവില്‍ രണ്ട് ഐഐടികളുടെയും വെബ്സൈറ്റ് തുറക്കാനാകാത്ത അവസ്ഥയിലാണ്. എന്നാല്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി രണ്ട് സ്ഥാപനങ്ങളും വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. 

ENGLISH SUMMARY:

Cybersecurity vulnerabilities are a growing concern, and this incident highlights the urgent need for robust online security. A young individual, denied admission to IIT Madras's cybersecurity program, retaliated by hacking their website, bringing to light potential flaws in their admission process and cybersecurity measures.