• മോദിയുടെ ഫെയ്സ്ബുക്ക് വിഡിയോ ബ്ലോക്ക് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനോട് മാപ്പപേക്ഷിച്ച് മെറ്റ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്ര സർക്കാരിനോട് ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് ആ വിഡിയോ ബ്ലോക്ക് ചെയ്യപ്പെട്ടതെന്നും തെറ്റായി നീക്കം ചെയ്ത ഉള്ളടക്കം വീണ്ടും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

എന്നാല്‍ വിഷയം ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോക്കിക്കാണുന്നത്. ഏത് സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെടാൻ ഇടയായതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പരിശോധിച്ചു വരികയാണ്. മാപ്പപേക്ഷയില്‍ മാത്രമൊതുങ്ങില്ലെന്നും ഇതിന് വിശദീകരണം നൽകുന്നതിനായി മെറ്റ, ഇൻസ്റ്റഗ്രാം ആഗോള തലവന്മാരെ മന്ത്രാലയം വിളിച്ചുവരുത്തിയേക്കുമെന്നുമാണ് വിവരം.

ജൂലൈ 23ന് അപ്‌ലോഡ് ചെയ്ത വിഡിയോ ആണ് ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവതലമുറയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ സന്ദേശമായിരുന്നു വിഡിയോയുടെ ഉള്ളടക്കം. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വീഡിയോയിൽ പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതെ സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചുവെന്നും യുവാക്കളുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഡിയോ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തടഞ്ഞിരിക്കുന്നു എന്ന സന്ദേശമാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. തുടർന്ന് സംഭവം വിവാദമായതോടെയാണ് മെറ്റ വീഡിയോ പുനഃസ്ഥാപിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തത്.

 

 

Meta Apologizes to Indian Govt After Blocking PM Narendra Modi's Facebook Video:

Meta has officially apologized to the Indian government after a technical glitch caused a Facebook video of Prime Minister Narendra Modi to be mistakenly blocked. The affected video, uploaded on July 23, featured the Prime Minister assuring students about strict legal actions and fast-track courts to prevent exam paper leaks. Indian users attempting to view the video were initially shown a message claiming it was restricted due to a legal request, sparking widespread controversy. Taking the issue seriously, the Union Ministry of Electronics and Information Technology is investigating the incident and may summon global executives from Meta and Instagram for further explanation.