ആഴക്കടല്‍ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍  ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) 'ഡീപ്പ് ഡാറ്റ' എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 'ഡീപ്പ് ഓഷ്യന്‍ മിഷന്‍' പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ആഴക്കടല്‍ മത്സ്യങ്ങളുടെ വര്‍ഗ്ഗീകരണം, അവയുടെ സവിശേഷതകള്‍, ലഭ്യമാകുന്ന സ്ഥലങ്ങള്‍, സംരക്ഷണ പദവി എന്നിവയെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസത്രീയ വിവരങ്ങള്‍ മനസ്സിലാക്കുന്നതിനു പുറമെ, ആഴക്കടല്‍ മത്സ്യയിനങ്ങളുടെ ഡേറ്റബേസ് കൂടുതല്‍ വിപുലമാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ആപ്പ് സഹായിക്കും. മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പുറമെ താല്‍പര്യമുള്ള ആര്‍ക്കും മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഡേറ്റബേസില്‍ ഉള്‍പ്പെടുത്തും. 

സമുദ്ര ജൈവവൈവിധ്യ മാപ്പിംഗ് കാര്യക്ഷമമാക്കുന്നതില്‍ ആപ്പ് വലിയ പങ്കുവഹിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ആഴക്കടല്‍ മീനുകളെ കുറിച്ച് മത്സ്യത്തൊഴിലാളുടെ നിരീക്ഷണങ്ങള്‍ ഗവേഷകര്‍ക്ക് ഏറെ പ്രയോജനപ്പെടും.  കടലില്‍ ഇത്തരം മീനുകളുടെ വിതരണ പരിധി, അപൂര്‍വ്വ മത്സ്യങ്ങളുടെ സാന്നിധ്യം, ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ അതാത് സമയങ്ങളില്‍ രേഖപ്പെടുത്താനായാല്‍ ആഴക്കടല്‍ മത്സ്യഗവേഷണ രംഗത്ത് വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ശാസ്ത്രീയ അറിവുകളും ഫീല്‍ഡ് നിരീക്ഷണങ്ങളും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഡോ രേഖ ജെ. നായര്‍ നയിക്കുന്ന ഗവേഷണ പ്രൊജക്ടിന് കീഴില്‍ ഐടി യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ എല്‍ദോ വര്‍ഗീസിന്റെ നേതൃത്തിലാണ് ആപ്പ് വികസിപ്പിച്ചത്.