ഡല്‍ഹിയിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിനെതിരായ പരാതികള്‍ എണ്ണിപ്പറഞ്ഞ് സുപ്രീംകോടതി. പ്രതിഷേധം സമാധാനപരമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, പൊലീസിനെതിരെ ഒട്ടേറെ പരാതികള്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. പെല്ലറ്റേറ്റ് 19 വയസുകാരന്‍റെ കാഴ്ച നഷ്ടമായി. പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. പൊലീസ് അതിക്രമദൃശ്യങ്ങള്‍ ഹര്‍ജിക്കാര്‍ ഹാജരാക്കി. പൊലീസിനെ പ്രതിഷേധക്കാര്‍ ആക്രമിച്ചതായും പരാതിയുണ്ടെന്ന് കോടതി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതികളുണ്ട്. രണ്ട് പരാതികളും അന്വേഷിക്കണമെന്നും ചീഫ് ജസ്റ്റിസ്.
അതേസമയം, സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മറുപടി പറയണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഇന്നും ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ഇരു സംഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു. രണ്ടുമണിക്ക് ലോക്സഭയില്‍ പൊതുപരീക്ഷാ ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷവും സഹകരിക്കും.
ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കും. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരും സംസാരിച്ചേക്കും. ഭരണപക്ഷത്തുനിന്ന് യുവ എംപിമാരാണ് കൂടുതലും സംസാരിക്കുക. രാജ്യസഭയില്‍ പ്രതിഷേധം തുടര്‍ന്നേക്കും. രാവിലെ സഭ ചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭാധ്യക്ഷന്‍ അനുവദിച്ചില്ല. ജോണ്‍ ബ്രിട്ടാസ് കൈകൂപ്പി പലതവണ അപേക്ഷിക്കുന്നതും കണ്ടു.