രാജ്യത്തെയാകെ ഇളക്കിമറിച്ച ജൂലൈ 20ലെ ജന്തര്‍ മന്തറിലെ പ്രതിക്ഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ ചെവിക്ക് വെടിയേറ്റതായി യുവതി. സിജെപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് വെടിയേറ്റതെന്ന് 32 കാരിയായ യുവതി പറഞ്ഞു.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നൂതൻ എന്ന യുവതിക്കാണ് വെടിയേറ്റത്. ഡല്‍ഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നൂതന്‍ ഇപ്പോൾ സ്വന്തം നാടായ ഝാർഖണ്ഡിലെ റാഞ്ചിയിലേക്ക് മടങ്ങി. വെടിയേറ്റ് നൂതന്‍റെ വലതു ചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സമ്മറിയില്‍ വ്യക്തമാക്കുന്നുണ്ട്.
വെടിയേല്‍ക്കുമ്പോള്‍ ഒരു പാര്‍ക്കിനടുത്താണ് താനും സുഹൃത്തും നിന്നിരുന്നതെന്ന് നൂതൻ പറഞ്ഞു. അപ്പോള്‍ നീല യൂണിഫോം ധരിച്ച രണ്ടുപേർ തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി വെടിവെച്ചെന്നും അവരുടെ യൂണിഫോമിൽ നെയിം പ്ലേറ്റ് ഇല്ലായിരുന്നുവെന്നും നൂതന്‍ പറഞ്ഞു. എന്നാല്‍ ഡല്‍ഹി പൊലീസ് നൂതന്‍റെ ആരോപണം പൂര്‍ണമായും തള്ളി. നൂതന്റെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മൂർച്ചയില്ലാത്ത ഏതോ ആയുധം കൊണ്ടുള്ള പരിക്കാണെന്നാണ് ഡൽഹി പൊലീസ് പി.ആർ.ഒ രഞ്ജീവ് രഞ്ജന്‍റെ പ്രതികരിച്ചു.
അതേസമയം സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കിടെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. മാർച്ചിനിടെ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലുമാണ് പെണ്‍കുട്ടിക്ക് പരുക്കേറ്റത്. ഡൽഹി സർവകലാശാലയിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുള്ള ഒരുവാക്ക് പോലും പറയാതിരിക്കാൻ കുടുംബം സദാപൊലീസ് നിരീക്ഷണത്തിലാണ്. ആശുപത്രിരേഖകളിൽ അജ്ഞാത എന്നാണ് പെണ്‍കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നത്.