ഐ ഫോണിനെ ചൊല്ലി നടുറോഡില്‍ തമ്മില്‍ തല്ലി ദമ്പതികള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ബോഡി ബില്‍ഡറായ സഞ്ജിത്തും ഭാര്യ സോനവുമാണ് തമ്മില്‍തല്ലിയത്. സഞ്ജിത്തിനെ സോനം പൊതിരെ തല്ലുന്നതിന്റെയും വസ്ത്രം വലിച്ച് കീറുന്നതിന്‍റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സഞ്ജിത്ത് തന്റെ കീറിയ ഷർട്ട് സോനത്തിന്‍റെ മുഖത്തേക്ക് വലിച്ചെറിയുന്നതും നടന്ന് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
സഞ്ജിത്തും സോനവും തമ്മില്‍ കുടുംബ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും പൊലീസ് പറയുന്നു. കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതിനായി കോടതിയിലെത്തി മടങ്ങവേയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതും അത് നടുറോഡിലെ അടിയില്‍ കലാശിച്ചതും.
വിവാഹത്തിന് പിന്നാലെ തന്‍ സഞ്ജിത്തിന് സമ്മാനിച്ച ഐ ഫോണ്‍ തിരികെ വേണമെന്ന് സോനം ആവശ്യപ്പെട്ടതോടെയാണ് വഴക്ക് തുടങ്ങിയത്. വാക്കുതര്‍ക്കം മെല്ലെ കയ്യാങ്കളിയിലേക്ക് നീങ്ങി. സഞ്ജിത്തിനെ സോനം കോളറില്‍പിടിച്ച് നിര്‍ത്തുന്നതിന്‍റെയും ഷര്‍ട്ടടക്കം വലിച്ച് കീറുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന്‍റെ കൈവശമുണ്ട്. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇരുവരും അടി നിര്‍ത്തിയില്ല. ഒടുവില്‍ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.