നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥി സമരത്തെ തള്ളി നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി പന്‍ഷുല്‍ ബന്‍സല്‍. പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍ താന്‍ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബന്‍സല്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പുനപരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ബന്‍സലിന് 99 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് അത് മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്ന് ബന്‍സല്‍ എന്‍ഡിടിവിയോട് പറഞ്ഞു. ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ കെആർ മംഗലം വേൾഡ് സ്കൂളിലെ വിദ്യാർത്ഥിയായ ബൻസാൽ പുനഃപരീക്ഷയിൽ 715 മാർക്ക് നേടിയിരുന്നു.
'ഞാന്‍ എന്തിനാണ് സമരത്തിന് പോകുന്നത്? പകരം വീട്ടിലിരുന്ന് പഠിച്ചാല്‍ എനിക്ക് സ്കോര്‍ മെച്ചപ്പെടുത്താം. ആദ്യപരീക്ഷയില്‍ 706 മാര്‍ക്ക് നേടിയപ്പോള്‍ പുനപരീക്ഷയില്‍ 715 നേടി മെച്ചപ്പെടുത്താനായി. കഴിഞ്ഞ ഒന്നര മാസമായി എനിക്ക് പറ്റാവുന്നത് പോലെ പഠിച്ചു, ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുത്തു. എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്. എല്ലാം മറന്ന് പ്രധാനലക്ഷ്യത്തിലേക്ക് മാത്രം നോക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിനുവേണ്ടിയാണ്. പരീക്ഷ ഒന്ന് കഴിഞ്ഞാല്‍ ഉത്കണ്ഠയും ആശങ്കയും മാറും,' ബന്‍സല്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ പറ്റി ചോദിച്ചപ്പോള്‍ അതില്‍ താന്‍ പ്രതികരിക്കാനില്ലെന്നും മറുപടി.
ജന്തര്‍ മന്ദറില്‍ സമരം കൊടുമ്പിരി കൊള്ളവേയാണ് ബന്‍സലിന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാക്കളും പ്രമുഖ സെലിബ്രിറ്റികളും ഉള്‍പ്പെടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കായുള്ള ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരുസഭകളും നിര്‍ത്തി വച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ ആയിരക്കണക്കിനാളുകളാണ് വീണ്ടും ജന്തർ മന്തറിലേക്ക് എത്തിയത്. സമരവേദി നിറഞ്ഞതിനാൽ ബാരിക്കേഡുകൾക്കു പുറത്താണ് പ്രവർത്തകർ നിലയുറപ്പിച്ചത്.