girl-plustwo

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലേക്ക് പോകും വഴി വെടിവെച്ചു കൊന്നു. ബിഹാറിലെ സമസ്തിപൂരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് പൊലീസ് നാല് വെടിയുണ്ടകൾ കണ്ടെടുത്തു. കൈജിയ ഗ്രാമത്തിലെ ഉമേഷ് താക്കൂറിന്റെ മകൾ സോനം കുമാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കസ്തൂർബ വിദ്യാലയത്തിലെ വിദ്യാർഥിനിയായിരുന്നു സോനം. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികളാണ് പെൺകുട്ടിയെ വെടിവെച്ചത്. കൊലപാതകത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

ഗ്രാമത്തിലെ ഒരു യുവാവാണ് പെൺകുട്ടിയെ വെടിവെച്ചു കൊന്നതെന്ന് കുടുംബം ആരോപിച്ചു. തന്റെ മകൾ ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും അയാള്‍ മകളെ വെടിവെച്ചു കൊന്നതാണെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ സംഗീത ദേവി പറഞ്ഞു. കൊലപാതകം നടക്കുന്നതിന് തലേദിവസം പ്രതി മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നതായും സംഗീത ദേവി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുടെ മൃതദേഹം സുക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ പൊലീസ് സംഘം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A class 12 student was shot dead on her way to school in Samastipur, Bihar, a shocking incident that has led to widespread protests. Police are investigating the crime, with the family alleging a local youth with whom the victim was reportedly in a relationship is responsible for the murder.