Image: X, @ISRO

  • ഗഗൻയാൻ ഉള്‍പ്പെടെ സുപ്രധാന ദൗത്യങ്ങളുടെ പ്രധാന പദവി വഹിക്കുന്ന ശാസ്ത്രജ്ഞർ ഐഎസ്ആർഒ വിട്ടു. വൻ ശമ്പള വാഗ്ദാനങ്ങളുമായി സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്ക് ചേക്കേറിയതായി റിപ്പോർട്ട്. പെട്ടെന്നുള്ള കൂട്ടക്കൊഴിഞ്ഞുപോക്ക് രാജ്യത്തിന്റെ അഭിമാനകരമായ ബഹിരാകാശ ദൗത്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ. സ്വയം വിരമിക്കലിനും രാജിക്കും പുതിയ നിബന്ധനകള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിട്ടു.

ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ കൂട്ടരാജി സമര്‍പ്പിച്ചതോടെ ഇടപെട്ട് കേന്ദ്രം. ഇനിവരുന്ന സ്വയം വിരമിക്കലുകള്‍ക്കും രാജിക്കും പ്രത്യേക നിബന്ധനകള്‍ നടപ്പാക്കാനാണ് ഐഎസ്ആര്‍ഒയ്ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശം. 

നിര്‍ണായക ദൗത്യങ്ങളുടെ തലപ്പത്തുള്ളവരുടെ കൊഴിഞ്ഞുപോക്കിന്റെ എണ്ണം മാത്രമല്ല അവര്‍ വഹിച്ച പദവികള്‍ കൂടിയാണ് കേന്ദ്രത്തേയും ഐഎസ്ആര്‍ഒയേയും വെട്ടിലാക്കുന്നത്. ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ സുപ്രധാന ഭാഗമാകുന്നവര്‍ ഉള്‍പ്പെടെയുള്ള ‘ഗ്രൂപ് എ’ വിഭാഗത്തില്‍പ്പെടുന്നവരുടെ രാജിയോ സ്വയം വിരമിക്കലോ ഇനി സ്വീകരിക്കരുതെന്നാണ് കേന്ദ്രനിര്‍ദേശം. ജൂലൈ 14നാണ് ഈ നിര്‍ദേശം കേന്ദ്രം കൈമാറിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം വിരമിക്കലുകളും രാജിയും ഇനി നേരിട്ട് ബഹിരാകാശ വകുപ്പിന് അയക്കണമെന്നും കേന്ദം നിര്‍ദേശിക്കുന്നു. 120ഓളം ശാസ്ത്രജ്ഞരാണ് നിലവില്‍ ഐഎസ്ആര്‍ഒ ഉപേക്ഷിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും ഇക്കാര്യത്തില്‍ ബഹിരാകാശ വകുപ്പ് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. 

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ LVM-3 റോക്കറ്റിന്റെ പ്രൊജക്റ്റ് ഡയറക്ടർ ,ഡോക്കിങ് പരീക്ഷണമായ SpaDeX-ന്റെ പ്രൊജക്റ്റ് ഡയറക്ടർ , ചന്ദ്രയാൻ-3 ദൗത്യത്തിൽ സിമുലേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രൊജക്റ്റ് മാനേജർ എന്നിവരുള്‍പ്പെടെയാണ് രാജി സമര്‍പ്പിച്ചത്. ഇത്രമാത്രം പരിചയസമ്പത്തും കഴിവുമുള്ള ശാസ്ത്രജ്ഞര്‍ പെട്ടെന്ന് പദ്ധതിയില്‍ നിന്നും മാറുന്നത് പ്രൊജക്റ്റുകള്‍ നിലയ്ക്കുന്നതിനും, ദൗത്യങ്ങളുടെ തുടര്‍ച്ചയും സമയക്രമവും നഷ്ടപ്പെടുന്നതിനും കാരണമായേക്കും.

ഐഎസ്ആർഒയിലെ കൂട്ടരാജി ചെയർമാൻ വി. നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്. കുറേപ്പേര്‍ പോകും കുറേപ്പേര്‍ വരും, ഇത് ഓരോ സ്ഥാപനത്തിലും നടക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പകരം ഉത്തരവാദിത്തം മറ്റുള്ളവര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നു കൊടുത്തതോടെ ഏകദേശം നാനൂറോളം സ്പേസ് സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും വലിയ തുക ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ നിയമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗഗൻയാൻ, ചന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) തുടങ്ങിയ വലിയ പദ്ധതികളുടെ നിർണായക ഘട്ടമാണിത്. ഈ സമയത്ത് ശാസ്ത്രജ്ഞർ പെട്ടെന്ന് രാജിവെക്കുന്നത് രാജ്യത്തിന്റെ അഭിമാനപദ്ധതികളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം ഉടനടി ഇടപെടല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

Over 100 Scientists Quit ISRO for Startups; Government Steps in to Freeze Key Resignations:

Over 100 high-profile scientists, including key project directors for the Gaganyaan and SpaDeX missions, have reportedly resigned from ISRO to join lucrative private space startups. Concerned that this sudden brain drain could derail prestigious national space missions, the Central Government has stepped in with strict new resignation guidelines. Under the new directive issued on July 14, resignations or voluntary retirements of "Group A" category scientists will no longer be accepted automatically and must be forwarded directly to the Department of Space. While ISRO officials downplay the mass exits as routine career shifts, the government's swift intervention highlights the critical phase of upcoming projects like Chandrayaan-4 and the Bharatiya Antariksha Station.