indore_train_food_stall-webp

മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള റാവു റെയിൽവേ യാർഡിന് സമീപം ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് സമൂസയും കച്ചോരിയും വാങ്ങാൻ പോയെന്ന വാര്‍ത്ത വിവാദമായിരുന്നു.  ഇതുമായി ബന്ധപ്പെട്ട്  സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ നിമിഷ നേരത്തിനുള്ളിൽ ഒട്ടേറെപ്പേര്‍ കണ്ടു

ഇൻഡോർ-മഹൗ പാസഞ്ചർ ഡെമു ട്രെയിനാണ് വീഡിയോയിൽ കാണുന്നത്. സമൂസ വാങ്ങാൻ വേണ്ടി മാത്രം പൈലറ്റ് മനഃപൂർവ്വം വഴിയിൽ നിർത്തിയിട്ടതാണെന്നും, ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്നുമായിരുന്നു പ്രചാരണം. എന്നാൽ, വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് വെസ്റ്റേൺ റെയിൽവേ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. റെയിൽവേയുടെ ഔദ്യോഗിക വിശദീകരണമനുസരിച്ച്, അത് ഒരു പാസഞ്ചർ ട്രെയിൻ അല്ലായിരുന്നു, മറിച്ച് സി.ജി.പി.ടി എന്ന ചരക്ക് ട്രെയിൻ ആയിരുന്നു. 

മാത്രമല്ല, റാവു യാർഡിൽ ചില എൻജിനീയറിങ് ജോലികളും അറ്റകുറ്റപ്പണികളും നടന്നിരുന്നതിനാൽ സിഗ്നൽ കിട്ടാതെ ട്രെയിൻ  നിർത്തിയിട്ടിരിക്കുകയായിരുന്നെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റെയിൽവേ ട്രാക്കിന് സമീപമുള്ള കടയിൽ നിന്ന് സമൂസ വാങ്ങാൻ പോയതും. എന്നാൽ, തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വീഡിയോ പ്രചരിക്കുകയായിരുന്നെന്ന് റെയിൽവേ വ്യക്തമാക്കുന്നു. കൂടാതെ, സംഭവത്തിൽ റെയിൽവേ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നറിയാൻ വെസ്റ്റേൺ റെയിൽവേ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reported on a viral video showing a train stopped for a loco pilot to buy snacks. Western Railway clarified that the train was a freight train halted due to signal issues and engineering work, and the assistant loco pilot purchased snacks nearby.