ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ യാത്രക്കാരന് രക്ഷയായി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഝാൻസിയിലെ വീരാംഗന ലക്ഷ്മിബായി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അവസരോചിതമായി ഇടപെട്ട ഉദ്യോഗസ്ഥന് അഭിനന്ദമറിയിച്ച് റെയില്‍വേ രംഗത്തെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

മധ്യപ്രദേശ് സ്വദേശി 42കാരനായ രമേശ് ജെയിൻ ആണ് അപകടത്തില്‍പ്പെട്ടത്. നിസാമുദ്ദീൻ-ജബൽപൂർ എക്സ്പ്രസ് സ്റ്റേഷൻ വിടുന്നതിനിടെ സ്ലീപ്പർ കോച്ചിൽ നിന്ന് ഇറങ്ങാനായിരുന്നു രമേശ് ശ്രമിച്ചത്. എന്നാല്‍ കാൽ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക് വീഴാൻ പോയ രമേശ് അല്‍പദൂരം അങ്ങനെ പിടിച്ചുനിന്നു. 

ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പ്രവീൺ കുമാർ ഇയാളെ വലിച്ചു മാറ്റാന്‍ ശ്രമിച്ചു. ആദ്യശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നാലെ രക്ഷപ്പെടുത്താന്‍ സാധിച്ചു. മരണത്തിനു മുന്‍പില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരന് വെള്ളവും പ്രഥമശുശ്രൂഷയും നല്‍കി പരിചരിച്ചു.

അപകടം മുന്നില്‍ക്കണ്ട യാത്രക്കാരന്‍ കടുത്ത മാനസിക ആഘാതത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് കോണ്‍സ്റ്റബിളിന്റെ ഈ ധീരപ്രവൃത്തിയെന്ന് റെയില്‍വെ പ്രശംസിച്ചു. 

RPF Constable's Heroic Act Saves Passenger from Train Mishap:

RPF constable saves passenger from a train accident with quick thinking and a brave act. This incident at Jhansi railway station highlights the commitment of the Railway Protection Force to passenger safety.