gadkari-petrol

TOPICS COVERED

എഥനോള്‍ ചേര്‍ത്ത ഇന്ധനം ഉപയോഗിച്ച് കേടുപാടുകള്‍ സംഭവിച്ച ഒരു വണ്ടിയുടെ പേര് പറയാമോയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. 20ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനത്തിനെതിരെ ഉയരുന്ന പ്രചാരണങ്ങള്‍ തള്ളിയായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഇതുവരെ ഒരു വാഹനത്തിന്റേയും പ്രവര്‍ത്തനക്ഷമതയെ ബാധിച്ചിട്ടില്ല, വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. വിമര്‍ശകരെയെല്ലാം വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ വാഹനങ്ങളുടെ മൈലേജ് കുറയുമെന്നും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നുമുള്ള ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് വിഷയത്തില്‍ മന്ത്രി തന്നെ പ്രതികരിച്ചു രംഗത്തെത്തുന്നത്. എണ്ണ ഇറക്കുമതി കുറയ്ക്കാനും, കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും, കര്‍ഷകരെ പിന്തുണയ്ക്കാനുമാണ് പെട്രോളില്‍ 20ശതമാനം എഥനോള്‍ ചേര്‍ക്കുന്ന രീതി ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്നലെ നടന്ന വികസിത് ഭാരത് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇ20 ഇന്ധനത്തിനെതിരായ പ്രചാരണങ്ങളെ മന്ത്രി തള്ളിയത്. പല പ്രചാരണങ്ങളും പണത്തിനായി നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കുന്നു. 

കരിമ്പ്, ചോളം, അരി തുടങ്ങിയ വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഫ്യുവലായ എഥനോൾ പെട്രോളിൽ കലർത്തിയാണ് ഇ20 എഥനോള്‍ തയാറാക്കുന്നത്. എണ്ണ ഇറക്കുമതിയിലെ ആശ്രയത്വം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഇ20 പെട്രോളിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മലിനീകരണം കുറയ്ക്കാനും കര്‍ഷകര്‍ക്ക് വരുമാനം കൂട്ടാനും ഇ20 സഹായിക്കും. 

ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി. പ്രതിവര്‍ഷം ഇന്ധന ഇറക്കുമതിക്കു മാത്രമായി 22ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ടി വരുമെന്നും ഗഡ്കരി പറയുന്നു. അതേസമയം എഥനോള്‍ പ്രോത്സാഹിപ്പിക്കാന്‍ കാരണം തന്റെ  കുടുംബാംഗങ്ങളുടെ ബിസിനസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആരോപണങ്ങളോടും മന്ത്രി പ്രതികരിച്ചു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളൊന്നും എഥനോൾ ഉൽപാദനത്തെ ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. കുടുംബത്തിന് പഞ്ചസാര മില്ലുകൾ ഉണ്ടെങ്കിലും വ്യക്തിപരമായ ബിസിനസ്,  സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുന്നില്ലെന്നും പറയുന്നു. 

Nitin Gadkari Defends E20 Fuel Against Damage Claims:

Nitin Gadkari, the Union Minister for Road Transport and Highways, has dismissed claims that vehicles can be damaged by using E20 fuel. He stated that the propaganda against 20% ethanol blended fuel is false and that it has not affected any vehicle's performance to date.