സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭ തീച്ചൂളയിലാണ് പാകിസ്ഥാന്‍. പാക് അധീന കശ്മീരിൽ (PoK) ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ പാകിസ്ഥാൻ ഇതുവരെ നേരിടാത്ത വലിയ ആഭ്യന്തര പ്രതിസന്ധികളിലൊന്നായി മാറുകയാണ്. വിലക്കയറ്റം, വൈദ്യുതി–ഭക്ഷ്യ ക്ഷാമം, രാഷ്ട്രീയ അവഗണന, സൈനിക ഇടപെടൽ എന്നിവയ്‌ക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. പല കേന്ദ്രങ്ങളിലും “PoK പാകിസ്ഥാന്റെ ഭാഗമല്ല” എന്ന മുദ്രാവാക്യമാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്. ഇതിനിടെ പ്രക്ഷോഭത്തിന്റെ ദിശ മാറുന്നത് ഭരണകൂടത്തെയും അസ്വസ്ഥരാക്കുന്നുണ്ട്.

വെറും സാമ്പത്തിക ആവശ്യങ്ങളിൽ ഒതുങ്ങാതെ ഭരണഘടനാപരമായ അവകാശങ്ങളും സ്വയംഭരണ ആവശ്യങ്ങളും ഉയര്‍ത്തി പ്രക്ഷോഭത്തിലേര്‍പ്പെടുന്നവര്‍ എന്നതാണ് ശ്രദ്ധേയമായൊരു വശം. ഒരു വിഭാഗം ജനങ്ങൾ ഇന്ത്യയോട് ചേരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ചില മുന്‍നിര നേതാക്കളും പ്രവർത്തകരും ഇന്ത്യയുടെ സഹായം തേടിയിരുന്നു. ഇന്ത്യയോടൊപ്പമെങ്കില്‍ ഭാവി സുരക്ഷിതമാണെന്ന നിലപാട് ഇവര്‍ പരസ്യമായി ഉയർത്തുന്നു. സാമ്പത്തിക അസമത്വങ്ങളില്‍നിന്നും ക്ഷാമത്തില്‍നിന്നും ഉയര്‍ന്ന പ്രക്ഷോഭം അതുകൊണ്ടുതന്നെ ഇപ്പോള്‍ ഭൂമിരാഷ്ട്രീയത്തെ സംബന്ധിച്ച ചര്‍ച്ചകളും സജീവമാക്കുകയാണ്. പാകിസ്ഥാനിലെ മറ്റ് അസ്ഥിര മേഖലകളായ ബലൂചിസ്ഥാനും ഖൈബർ പഖ്തുൻഖ്വയും നടക്കുന്ന പ്രക്ഷോഭങ്ങളുമായി ഇത് യോജിച്ചാല്‍ രാജ്യത്തിന്റെ ഐക്യം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പിളര്‍പ്പിന്റെ വക്കിലാണോ പാകിസ്ഥാൻ എന്ന് തോന്നും വിധത്തിലാണ് കാര്യങ്ങൾ...

പിളരുമോ പാകിസ്ഥാൻ?

ജനകീയ പ്രക്ഷോഭങ്ങളുടെ പേരില്‍ പാകിസ്ഥാനില്‍ ഉടനൊരു പിളര്‍പ്പുണ്ടാകുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. ശക്തമായ സൈനിക നിയന്ത്രണവും പാകിസ്ഥാനെ അനുകൂലിക്കുന്ന രാജ്യങ്ങളും ഇപ്പോഴും അവിടുത്തെ സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. എന്നിരുന്നാലും, ഇപ്പോൾ നടക്കുന്ന സംഘര്‍ഷങ്ങള്‍ പാകിസ്ഥാനെ ദീർഘകാല അസ്ഥിരതയിലേക്കും, നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ പിളർപ്പിലേക്കും നയിച്ചേക്കാമെന്നതാണ് യാഥാർത്ഥ്യം. അസംതൃപ്തിയും സാമ്പത്തിക അസംതുലിതാവസ്ഥയും രാജ്യത്തെ ഏതു സാഹചര്യത്തില്‍ കൊണ്ടുചെന്നെത്തിച്ചു എന്നതിന്റെ നേര്‍കാഴ്ചയാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍.

ENGLISH SUMMARY:

Pakistan is currently facing unprecedented protests in Pakistan-occupied Kashmir (PoK), marking one of the most severe internal crises the nation has encountered. These widespread demonstrations, fueled by soaring prices, shortages of electricity and food, political neglect, and military interference, are pushing Pakistan towards a potential division.