ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തിനിടെ അശ്ലീല പരസ്യം സംപ്രേക്ഷണം ചെയ്തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കീര്‍ത്തി ആസാദ്. വിഷയം ബിസിസിഐയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും വ്യക്തമാക്കി. 1983 യില്‍ ലോക ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗമാണ് കീര്‍ത്തി ആസാദ്.
കുട്ടികളടക്കം കാണുന്നതാണ് ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരം. തല്‍സമയ സംപ്രേക്ഷണത്തിനിടെ കോണ്ടത്തിന്‍റെ അഡല്‍റ്റ് പരസ്യം സ്‌ക്രീനിൽ വരുന്നത് നാണക്കേടല്ലേ? ബിസിസിഐ ശ്രദ്ധിക്കണം എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. പുകയിലയുടെയും മദ്യത്തിന്‍റെയും പരസ്യങ്ങള്‍ നിരോധിച്ചതുമായാണ് അദ്ദേഹം കോണ്ടത്തിന്‍റെ പരസ്യത്തെ താരതമ്യം ചെയ്തത്. 44 കോടി പേര്‍ മല്‍സരം കാണുമ്പോള്‍ കുട്ടികളും 16 വയസിന് താഴെയുള്ളവരും ഉണ്ടാകും. ഇവിടെ ഓവറുകള്‍ക്കിടയില്‍ കോണ്ടത്തിന്‍റെ പരസ്യം കാണിക്കുന്നത് മോശമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'പരസ്യം വരുന്ന സമയത്ത് മാതാപിതാക്കള്‍ക്ക് എവിടെ നോക്കണമെന്നതാണ് സംശയം. കുട്ടികള്‍ക്ക് കാര്യം മനസിലാകുന്നില്ല. അവര്‍ ഇതെന്താണെന്ന് ചോദിക്കും. ഇത് അവരുടെ ചിന്തകളില്‍ എന്ത് സ്വാധീനമാണുണ്ടാക്കുക. എന്തിനാണ് ഇത് അനുവദിക്കുന്നത്. മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും പരസ്യങ്ങള്‍ നിരോധിച്ചതു പോലെ ഇവയും നിരോധിക്കണം' എന്ന് അദ്ദേഹം പിന്നീട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി 20 ക്ക് ശേഷമാണ് കീര്‍ത്തി ആസാദിന്‍റെ പ്രതികരണം. ബിസിസിഐയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
രണ്ടാം ട്വന്‍റി20യില്‍ 4 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്‍റെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തിരുന്നു. തുടക്കത്തില്‍ പതറിയെങ്കിലും ശക്തമായി തിരിച്ചടിച്ച് 6 പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.