TAGS

ഈ മാസം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ സ്വപ്നം. വിക്രം 1ന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ? 

ഇന്ത്യയുടെ ബഹിരാകാശമേഖലയിലെ മറ്റൊരു സ്വപ്നത്തിനും പേര് വിക്രം. ഇന്ത്യയുടെ ബഹിരാകാശ ദര്‍ശകന്‍ വിക്രം സാരാഭായിക്ക് വീണ്ടുമൊരു ആദരം. ഇന്ത്യയില്‍ സ്വകാര്യമായി വികസിപ്പിച്ച ഓര്‍ബിറ്റല്‍ ലോഞ്ച് വാഹനമാണിത്. അതായത് ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹങ്ങളെ എത്തിക്കാന്‍ രൂപകല്‍പന ചെയ്ത റോക്കറ്റ്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ടപ്പായ സ്കൈ റൂട്ട് എയ്റോസ്പേസ് ആണ് നിര്‍മാതാക്കള്‍. കമ്പനിയുടെ സ്ഥാപകരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭരത് ഡാക്ക എന്നിവര്‍ മുന്‍പ് ISROയില്‍ എന്‍ജിനീയര്‍മാരായിരുന്നു.

ചെറിയ ഉപഗ്രഹങ്ങള്‍ കൂടുതല്‍ വേഗത്തിലും കുറ‍ഞ്ഞ ചെലവിലും വിക്ഷേപിക്കാനുള്ള പ്രാപ്തിയാണ് പ്രധാന മുന്നേറ്റം. ഭൂമിയിലെ ജീവിതത്തിന്‍റെ സാങ്കേതിക മികവുകള്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ നിയന്ത്രിക്കുന്ന കാലം എന്നത് തന്നെയാണ് വിക്രം 1ന്‍റെ പ്രസക്തി. ലോകമെമ്പാടും ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ടതിന്‍റെ ആവശ്യം വര്‍ധിച്ച് വരികയാണ്. എന്നാല്‍ അതിന് അനുയോജ്യമായ ചെലവുകുറഞ്ഞ വേഗത്തിലുള്ള വിക്ഷേപണ സേവനങ്ങള്‍ കുറവായിരുന്നു. ഇൗ പ്രശ്നത്തിനുള്ള പരിഹാരമായാണ് വിക്രം 1 രൂപകല്‍പന ചെയ്തിരിക്കുന്നത്.

പ്രത്യേകതകള്‍

ചെറിയ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേയ്ക്കും സണ്‍ സിന്‍ക്രോണസ് ഓര്‍ബിറ്റിലേയ്ക്കും വിന്യസിക്കുന്നതിനായാണ് രൂപകല്‍പന. ഭൂമിയോട് വളരെയധികം അടുത്തുള്ള ഭ്രമണപഥമാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്. അതായത്, 200 മുതല്‍ 2000 കിലോമീറ്റര്‍ വരെയുള്ള ഉയരം. സണ്‍ സിന്‍ക്രണസ് ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം ഭൂമിയിലെ ഒരു സ്ഥലത്തിന് മുകളിലൂടെ എല്ലാദിവസവും ഏകദേശം ഒരു സമയത്ത് കടന്നുപോകും. പരിസ്ഥിതി പഠനം പോലുള്ളവയ്ക്ക് ഇത് സഹായിക്കും. വിക്രം 1ന് ലോ എര്‍ത്ത് ഓര്‍ബിറ്റിലേയ്ക്ക് 350 കിലോഗ്രാമും സണ്‍ സിന്‍ക്രൈണസ് ഓര്‍ബിറ്റിലേയ്ക്ക് 290 കിലോഗ്രാമും ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. പൂര്‍ണമായും കാര്‍ബണ്‍ സംയോജിത ഘടനകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പരമ്പരാഗത രീതിയായ സ്റ്റീലിനേക്കാള്‍ വളരെയധികം ഭാരം കുറവാണ് ഇതിന്. അതേസമയം ശക്തവുമാണ്. ഇതുവഴി ഇന്ധനലാഭവും കൂടുതല്‍ പെ ലോഡും കുറഞ്ഞ െചലവും ഉയര്‍ന്ന കാര്യക്ഷമതയും പ്രാപ്തമാകുന്നു. ത്രീ ഡി പ്രിന്‍റഡ് എന്‍ജിനുകളുമുണ്ട് വിക്രം വണ്ണിന്. 24 മീറ്ററാണ് ഉയരം. ഭാരം ഏകദേശം 220 ടണ്‍ ആണ്

ആവശ്യങ്ങള്‍

ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെയുണ്ടാകുന്ന നേട്ടം തന്നെയാണ് വിക്രം 1 ന്‍റേത്. ഭൂമിയെ നിരീക്ഷിക്കല്‍, കാലാവസ്ഥാ പഠനം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍, കൃഷി, സൈനിക ആവശ്യങ്ങള്‍, ദുരന്തനിവാരണം ഇവയ്ക്കെല്ലാമാണ് ചെറു ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്

വിജയിച്ചാല്‍ ഇത് ഇന്ത്യയുടെ സ്വകാര്യബഹിരാകാശമേഖലയ്ക്ക് പുതിയ വാതിലുകള്‍ തുറക്കും. കമ്പനികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ അവസരങ്ങളുണ്ടാകും. ലോക ബഹിരാകാശ വിപണിയില്‍‍ ഇന്ത്യയുടെ സാന്നിധ്യവും ശക്തമാകും. 

ENGLISH SUMMARY:

Vikram 1 is India's ambitious private space dream, set to launch this month. This orbital launch vehicle, developed by Skyroot Aerospace, is designed to efficiently and affordably send small satellites into Earth's orbit, marking a significant step for India's private space sector.