അയോധ്യരാമക്ഷേത്രം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ തള്ളി വിഎച്ച്പി. ചമ്പത് റായിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തമില്ല. ട്രസ്റ്റ് തീരുമാനങ്ങളിലും ഉത്തരവാദിത്തമില്ലെന്ന് വിഎച്ച്പി നിലപാട് വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര ഉപാധ്യക്ഷനാണ് ചമ്പത് റായ്. 

 

അതേസമയം, കൊള്ളയില്‍ പങ്കില്ലെന്ന്  ചമ്പത് റായ്  അന്വേഷണ സംഘത്തിന് മൊഴി നല്‍കി  . വിവാദങ്ങള്‍ക്കിടെ അയോധ്യ ട്രസ്റ്റ് യോഗം ജൂലൈ ആറിലേക്ക്് മാറ്റി . കൊള്ളയിന്‍മേലുള്ള രാഷ്ട്രീയ പോരും തുടരുകയാണ്. 

 

ഇതിനിടെ അയോധ്യാ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ എസ്ഐടി അന്വേഷണം കടുപ്പിച്ചു . പ്രതികളുടേയും ക്ഷേത്ര ട്രസ്റ്റിന്റേയും ബാങ്ക് ഇടപാടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ്ങ് നടത്തും. ഇതിനായി ഏഴ് പ്രമുഖ ബാങ്കുകള്‍ക്ക് നോട്ടിസ് അയച്ചു. കൂടുതല്‍ ട്രസ്റ്റ് അംഗങ്ങളെ ചോദ്യം ചെയ്യും.  അനില്‍ മിശ്ര, ഗോപാല്‍റാവു എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. 

 

കേസില്‍ ഇതുവരെ 8 ജീവനക്കാരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ചമ്പത് റായുടെ വിശ്വസ്തനും മുൻ ഡ്രൈവറുമായ രാംശങ്കർ യാദവും ഉൾപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ഭണ്ഡാരങ്ങളുടെ താക്കോലുകൾ ഇയാളുടെ കയ്യിൽനിന്ന് എസ്ഐടി പിടിച്ചെടുത്തിരുന്നു. രാംശങ്കർ യാദവിന്റെ അനന്തരവൻ മനീഷ് കുമാർ യാദവ്, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ മിശ്ര, ഇയാളുടെ മകൻ അനുകൽപ് മിശ്ര, മരുമകൻ ലവ്‌കുശ് മിശ്ര എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ക്ഷേത്ര ഭണ്ഡാരങ്ങളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലയുണ്ടായിരുന്നവരാണ് ഇവരെല്ലാം. 79.85 ലക്ഷം രൂപ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടു പേരെയും 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

 

കാണിക്കയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതുമായി ബന്ധപ്പെട്ടു മാത്രമല്ല, ക്ഷേത്ര നിർമാണ ഘട്ടത്തിൽ ലഭിച്ച കോടിക്കണക്കിനു രൂപയ്ക്കും വിലപിടിപ്പുള്ള വസ്തുക്കൾക്കും രശീത് നൽകിയില്ലെന്നും പരാതിയുണ്ട്. ചമ്പത് റായ്ക്കാണ് ഇവ കൈമാറിയതെന്നും പലരും വെളിപ്പെടുത്തി. ട്രസ്റ്റുമായി ബന്ധപ്പെട്ടു നടത്തിയ ഭൂമി ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയും എസ്ഐടിക്കു മുന്നിലുണ്ട്. 

 

ENGLISH SUMMARY:

Ayodhya Ram Mandir donation scam allegations have led to the VHP clarifying its stance, stating no responsibility for Champat Rai's actions or trust decisions. The investigation into the alleged fraud is intensifying with forensic audits and questioning of more trust members.