തങ്ങളുടെ തനത് സംസ്കാരത്തില്‍നിന്ന് അണുവിടമാറാതെ പാരമ്പര്യം പൂര്‍ണമായും പിന്തുടര്‍ന്ന് ജീവിതം നയിക്കുന്ന ഗോത്രസമൂഹങ്ങള്‍ ഇന്നും ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ട്. ഉത്തരാഖണ്ഡിലെ 'രംഗ്' ഗോത്രവിഭാഗം ഇത്തരത്തിലൊന്നാണ്. പ്രകൃതിയെ ആരാധിക്കുന്നതിലും തനതായ സാംസ്കാരിക മൂല്യങ്ങള്‍ പാലിക്കുന്നതിലും പേരുകേട്ട ഇവര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
ഉത്തരാഖണ്ഡ് പിത്തോരഗഡ് ജില്ലയിലെ ധാർചുല അതിർത്തി താഴ്‌വരകളിൽ താമസിക്കുന്ന തദ്ദേശീയ സമൂഹമാണ് 'രംഗ്‍'. ഇവരുടെ ഗ്രാമത്തിലെ 'ഓം' എന്നുപേരുള്ള പർവതത്തിനുമുന്നില്‍ ശിവലിംഗം സ്ഥാപിക്കാനുള്ള ഹിന്ദു സംഘടനയുടെ ശ്രമം തടഞ്ഞതാണ് രംഗ് സമൂഹം വാര്‍ത്തകളിലിടം പിടിക്കാന്‍ കാരണം.
സനാതന ധർമ്മ പ്രചാരണത്തിനായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന 'ആദി കൈലാഷ് 20-20 ട്രസ്റ്റ്' എന്ന സംഘടനയാണ് വ്യാസ് താഴ്‍വരയില്‍ ശിവലിംഗം സ്ഥാപിക്കാൻ പദ്ധതിയിട്ടത്. മൂന്ന് ടൺ ഭാരമുള്ള ശിവലിംഗവും നന്ദി ശില്‍പവും സ്ഥാപിക്കാനായിരുന്നു ശ്രമം. ''ഞങ്ങള്‍ പ്രകൃതിയുടെ ഉപാസകരാണ്, ഞങ്ങളുടെ മണ്ണില്‍ കൃത്രിമ നിർമ്മിതികൾ അനുവദിക്കില്ല''എന്ന് വിളിച്ചുപറഞ്ഞാണ് രംഗ് സമൂഹം ശിവലിംഗവും പ്രതിമയും സ്ഥാപിക്കുന്നത് തടഞ്ഞത്.
ഈ നിർമ്മിതികള്‍ സ്ഥാപിക്കുന്നത് ശിവനെ പ്രകൃതിദത്ത രൂപത്തിൽ മാത്രം ആരാധിക്കുന്ന തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമാണെന്ന് 'രംഗ്‍' വിഭാഗത്തെ പ്രതിനിധീകരിക്കുന്ന രംഗ്‍ കല്യാൺ സൻസ്തയുടെ പ്രസിഡന്റ് പ്രകാശ് ഗുഞ്ചിയാൽ പറഞ്ഞു. ഞങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നുവെന്ന് മാത്രമല്ല, ജൂൺ 15 അമാവാസി ദിനത്തിൽ യാതൊരുവിധ കൃത്രിമ നിർമ്മിതികളും ഇവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും പ്രകാശ് ഗുഞ്ചിയാൽ വ്യക്തമാക്കി.
ഗോത്രസമൂഹത്തോടോ പഞ്ചായത്തിനോടോ ആലോചിക്കാതെയാണ് ട്രസ്റ്റ് ശിവലിംഗവും നന്ദിയും കൊണ്ടുവന്നത്. താഴ്‌വരയിലേക്ക് അനുമതിയില്ലാതെ മതപരമായ നിർമ്മിതികൾ കൊണ്ടുവന്നതാണ് പ്രശ്നം വഷളാക്കിയത്. ഗോത്രവിഭാഗത്തിന്‍റെ എതിര്‍പ്പിനുപിന്നാലെ പ്രാദേശിക ഭരണകൂടം വിഷയത്തിൽ ഇടപെട്ടു. ഗ്രാമസഭയിൽനിന്നോ രംഗ്‍ സമൂഹത്തിൽനിന്നോ സംഘടന അനുമതി വാങ്ങിയിട്ടില്ലെന്ന് അറിഞ്ഞതോടെ ശിവലിംഗവും പ്രതിമയുമായുള്ള വാഹനം തിരിച്ചയച്ചതായി ധാർചുല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇത് രംഗ് സമൂഹവും ട്രസ്റ്റും തമ്മിലുള്ള പ്രശ്നമാണ്. ഗ്രാമസഭയും ഗോത്രവർഗ്ഗ സംഘടനയും സമ്മതിക്കാത്തിടത്തോളം ട്രസ്റ്റിന് നിര്‍മിതികള്‍ സ്ഥാപിക്കാന്‍ അനുമതി നൽകാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.