NarendraModi-JPG

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ചരിത്രനേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ച് രാജ്യം. ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാല റെക്കോർഡാണ് ഇതോടെ മറികടന്നത്.

2014 മെയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് അധികാരത്തിൽ 4,399 ദിവസം പൂർത്തിയാക്കിയ മോദി, 1952 മെയ് 13 മുതൽ 1964 മെയ് 27 വരെ തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ 4,398 ദിവസത്തെ റെക്കോർഡിനെയാണ് പിന്നിലാക്കിയത്.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ദിശ നിർണയിച്ച നേതാവായിരുന്നു നെഹ്‌റു. മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ സ്വാധീനം മരണശേഷവും പതിറ്റാണ്ടുകളോളം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നു. എന്നാൽ മോദിയുടെ രാഷ്ട്രീയ പാത വ്യത്യസ്തമാണ്. വികസനവും ഹിന്ദുത്വ അധിഷ്ഠിത സാംസ്കാരിക ദേശീയതയും സംയോജിപ്പിച്ച രാഷ്ട്രീയ സമീപനത്തിലൂടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും രാഷ്ട്രീയ ആധിപത്യവും കൈവശമുണ്ടായിരുന്ന കോൺഗ്രസിന്റെ കാലഘട്ടത്തിലായിരുന്നു നെഹ്‌റുവിന്റെ ഭരണം. അതേസമയം, ശക്തമായ രാഷ്ട്രീയ മത്സരങ്ങളിലൂടെ മുന്നേറി ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകാൻ മോദിക്ക് സാധിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്) പ്രചാരകനിൽ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രിയിലേയ്ക്കും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേയ്ക്കുമുള്ള അദ്ദേഹത്തിന്റെ ഉയർച്ച ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയ അധ്യായങ്ങളിലൊന്നാണ്.

12 വർഷത്തോളം നീണ്ട ഭരണകാലത്ത് മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി ദാരിദ്ര്യ നിർമാർജനം, ക്ഷേമപദ്ധതികളുടെ വ്യാപനം, അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര സുരക്ഷാ ശക്തിപ്പെടുത്തൽ, അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ആഗോള തലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കൽ തുടങ്ങിയവയാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്.

അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ദുർബലപ്പെടുത്തിയെന്നും അധികാരം കേന്ദ്രീകരിച്ചെന്നും വിമർശകർ ആരോപിക്കുന്നു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മുത്തലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം (CAA) തുടങ്ങിയ തീരുമാനങ്ങൾ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നടപടികളായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

പിന്തുണയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ടുള്ള രാഷ്ട്രീയ യാത്രയിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി നരേന്ദ്ര ദാമോദർദാസ് മോദി തന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്ന നാഴികക്കല്ലായാണ് ഇന്നത്തെ ദിവസം വിലയിരുത്തപ്പെടുന്നത്.

ENGLISH SUMMARY:

Narendra Modi has become the longest-serving democratically elected head of government in India, surpassing Jawaharlal Nehru's record. This milestone marks a significant moment in Indian politics, reflecting his unique developmental and Hindutva-based nationalistic approach.