Ai Generated Image
വിവാഹത്തലേന്ന് വധു ഒളിച്ചോടിയതോടെ കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി ജില്ലയിലാണ് സംഭവം. വധുവിന് പകരം അനുജത്തിയെ വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിച്ച് ചടങ്ങ് നടത്താന്‍ തുനിഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വിവാഹപ്പന്തലിലെത്തിയ അനുജത്തിയുടെ കാമുകന്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് പറഞ്ഞതോടെ വരന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരും തമ്മില്‍ കൂട്ടത്തല്ലായി. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ശനിയാഴ്ചയാണ് നിക്കാഹ് നടത്താനായി വധുവിന്‍റെ വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ഗ്രാമത്തിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി വെളളിയാഴ്ച രാത്രി ആഭരണങ്ങളും പണവുമായി ഒളിച്ചോടുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് വധു ഒളിച്ചോടിയ വിവരം വീട്ടുകാര്‍ അറിയുന്നത്. സംഭവം നാട്ടിലറിഞ്ഞ് നാണംകെടാതിരിക്കാനും വിവാഹം മുടങ്ങാതിരിക്കാനും വധുവിന്‍റെ അനുജത്തിയെ പകരം നല്‍കാം എന്ന് തീരുമാനിക്കുകയായിരുന്നു.
വധുവിന്‍റെ അനുജത്തിയെ വിവാഹം ചെയ്യാന്‍ ഒടുവില്‍ വരനും വീട്ടുകാരും സമ്മതംമൂളുകയും ചെയ്തു. എന്നാല്‍ വിവാഹവേദിയില്‍ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടി താന്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് തുറന്നുപറയുകയും ചെയ്തു. അധികം വൈകാതെ തന്നെ കാമുകനെന്ന് പറഞ്ഞ് ഒരു യുവാവ് വിവാഹപ്പന്തലിലെത്തി ഇരുവരും തമ്മില്‍ നാളുകളായി പ്രണയത്തിലാണെന്നും പറഞ്ഞു. ഇതോടെ വിവാഹവേദിയില്‍ വധുവിന്‍റെയും വരന്‍റെയും ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കമായി. വിവാഹം മുടങ്ങിയെന്ന് മാത്രമല്ല കല്ലും ഇഷ്ടികയും വടിയും മറ്റും ഉപയോഗിച്ചായി പരസ്പരം ആക്രമണം. കൂട്ടത്തല്ലില്‍ വധുവിന്‍റെ ബന്ധുക്കളില്‍ പലര്‍ക്കും പരുക്കേറ്റു. ഒടുവില്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.