Image: @ndtv
ഭാര്യവീട്ടില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ചുകൊന്നു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. മൃതദേഹത്തിന് സമീപത്തായി എട്ട് മണിക്കൂര്‍ ഇരുന്ന ശേഷം ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
നാലുവര്‍ഷമായി ഭര്‍ത്താവില്‍ നിന്നുമകന്ന് സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന ഭാര്യ നീലം കുശ്‌വാഹയെ കാണാനാണ് ദീന്‍ദയാല്‍ എത്തിയത്. മദ്യപിച്ചെത്തിയ ദീന്‍ദയാലുമായി നീലം വാക്കുതര്‍ത്തിലേര്‍പ്പെടുകയും പിന്നാലെ ഒരു വടിയെടുത്ത് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീടിന്റെ വാതില്‍ തള്ളിത്തുറക്കുകയും കുഞ്ഞിനെയെടുത്ത് തലകീഴായി പിടിക്കുകയും ചെയ്ത ദീന്‍ദയാലിന്റെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടാനായാണ് നീലം മര്‍ദിച്ചത്.
കുഞ്ഞിനെ എടുത്തെറിയുമോയെന്ന ഭയമാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. വടി കൊണ്ടുള്ള ആദ്യഅടിയില്‍ തന്നെ സോഫയിലേക്ക് വീണ ദീന്‍ദയാലിനെ തലങ്ങും വിലങ്ങും മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപത്ത് ഏകദേശം എട്ടു മണിക്കൂറോളം നീലം ഇരുന്നു.
പിന്നീട് വീടിനടുത്തുള്ള ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്ക്ക് മുന്‍പില്‍ പത്ത് മിനിറ്റോളം ചിലവഴിച്ചെന്നും മൊഴിയിലുണ്ട്. ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറയുകയായിരുന്നുവെന്ന് നീലം പൊലീസിനോട് പറഞ്ഞു. പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെത്തിയ ശേഷം നീലത്തെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും കേസിന്റെ എല്ലാ തലങ്ങളും പരിശോധിക്കുമെന്നും സിവില്‍ ലൈന്‍സ് പൊലീസ് പറയുന്നു.