ഡൽഹി സാകേതിൽ കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. 10 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കൾ ആരോപിച്ചു. ഇനിയും പത്തുപേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് സൂചന.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള അഞ്ചുനില കെട്ടിടം തകർന്നുവീണത്. അപകടത്തിൽപ്പെട്ടവരിൽ കൂടുതലും വിദ്യാർഥികളാണ്. സിവിൽ സർവീസ്, നീറ്റ്, FMGE, പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ കേന്ദ്രമാണിത്. ഈ വിദ്യാർഥികളുടെ ഒരു മെസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മെസ് നടത്തിപ്പുകാരിയായ ഒരു സ്ത്രീയും അപകടത്തിൽപ്പെട്ടു.
പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി രേഖ ഗുപ്ത അപകട സ്ഥലത്തെത്തി. അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽപ്പെട്ട കെട്ടിടം അനധികൃതമായി മുകളിലേക്ക് കെട്ടിപ്പൊക്കിയിരുന്നു. കെട്ടിടം അഞ്ചുനില പ്രവർത്തിക്കുന്നതും അനുമതിയില്ലാതെയാണ്.