വിജയ്‌യുടെ തമിഴക വെട്രി കഴകം നേടിയ തിരഞ്ഞെടുപ്പ് വിജയത്തോട് പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തനിക്ക് വിജയ്‌യോട് അസൂയ തോന്നുന്നുവെന്നാണ് അദ്ദേഹം തമാശ രൂപേണ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പറഞ്ഞത്. താൻ 15 വർഷത്തോളം തെരുവിൽ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തതെന്നും, എന്നാൽ വിജയ്‌യുടെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിജയം നേടിയെന്നുമാണ് പവൻ കല്യാൺ പറഞ്ഞത്.
'അവർ വളരെ സുഖമായി വിജയിച്ചു, എനിക്ക് അസൂയ തോന്നി. കട്ടൗട്ടുകളും ഹോളോഗ്രാമുകളും വെച്ച് വിജയ് മുഖ്യമന്ത്രിയായി. 15 വർഷം യാത്ര ചെയ്തിട്ടും എനിക്ക് ഇങ്ങനെയൊരു വിജയം കാണാൻ കഴിഞ്ഞിട്ടില്ല'. തുടര്‍ന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് 'ഞാൻ തമാശ പറഞ്ഞതാണ്' എന്ന് വ്യക്തമാക്കുകയും ചെയ്തു.
'എന്നാല്‍ നാം മാനുഷികമായി ചിന്തിക്കണം. എന്തെങ്കിലും പറയണമെങ്കില്‍ നല്ല അറിവുണ്ടാകണം. 15 വര്‍ഷം ഞാന്‍ എന്തുകൊണ്ട് കഷ്ടപ്പെട്ടു. കാരണം ഒരു പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് അറിയണം,' പവന്‍ കല്യാണ്‍ പറഞ്ഞു.
വെറും രണ്ടും വര്‍ഷം മാത്രം പ്രായമുള്ള തമിഴക വെട്രി കഴകമാണ് പതിറ്റാണ്ടുകളായി തമിഴ്നാട് അടക്കിഭരിച്ച ഡിഎംകെയേയും എഐഎഡിഎംകെയേയും പരാജയപ്പെടുത്തിയത്. ഇതോടെ എൻടി രാമറാവു, എംജി രാമചന്ദ്രൻ, ജയലളിത തുടങ്ങി സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലും വിജയം കൊയ്ത നേതാക്കന്മാരുടെ നിരയിലേക്കാണ് വിജയ് സ്ഥാനം പിടിച്ചത്.