തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നാലെ വിജയ്-തൃഷ സൗഹൃദത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.  വിജയ്‌യുടെ  സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ സജീവ സാന്നിധ്യമായിരുന്നു.  പിന്നീട് നടൻ അജിത്തിന്‍റെ  മാതാവിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിക്കാനും ഇരുവരും ഒരുമിച്ചെത്തിയത്  പുതിയ  ഗോസിപ്പുകള്‍ക്ക് കാരണമായി. എന്നാല്‍ ഇത്തരം സൈബർ ആക്രമണങ്ങൾക്കും ഊഹാപോഹങ്ങൾക്കും തന്‍റേതായ ശൈലിയിൽ ശക്തമായ മറുപടി നൽകി വായടപ്പിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം തൃഷ.

തന്‍റെ വളർത്തുനായ കട്ടിലിൽ കിടന്നുറങ്ങുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച്, 'എന്‍റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ്' എന്ന് കുറിച്ചുകൊണ്ടാണ് താരം ട്രോളന്മാർക്ക് ചുട്ട മറുപടി നൽകിയത്. 

കഴിഞ്ഞ മേയിൽ തൃഷയുടെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് വീണ്ടും വഴിവച്ചത്. തന്‍റെ ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയ തൃഷ, അതിനുശേഷം വിജയ്‌യുടെ വീട്ടിലെത്തിയിരുന്നു.  അവിടെ സമയം ചെലവഴിച്ച ശേഷം തൃഷ പുറത്തേക്ക് വരുന്ന വിഡിയോകൾ നിമിഷനേരം കൊണ്ടാണ് സോഷ്യലിടത്ത് വൈറലായത്. ക്യാമറക്കണ്ണുകളെ കണ്ട് ഒളിച്ചോടാൻ ശ്രമിക്കാതെ ചിരിച്ച മുഖത്തോടെ മാധ്യമപ്രവർത്തകർക്ക് തംസ്-അപ്പ് കാണിച്ചാണ് തൃഷ അന്ന് മടങ്ങിയത്.

അനാവശ്യമായ ഓൺലൈൻ ചർച്ചകളെ പൂർണ്ണമായി അവഗണിച്ച് കരിയറിലാണ്  തൃഷ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  സുര്യയും തൃഷയും ജോഡികളായെത്തിയ  ആർ.ജെ. ബാലാജി ചിത്രം 'കറുപ്പ്'   ഇന്ത്യയിൽ 180 കോടി രൂപയും ആഗോളതലത്തിൽ 300 കോടി രൂപയും  നേടി  2026-ലെ ഏറ്റവും വലിയ തമിഴ് ഹിറ്റായി കുതിക്കുകയാണ്. ഇതിനിടെ മറ്റ് വിവാദങ്ങള്‍ക്ക് ഇടമില്ലെന്നും  തന്‍റെ ഇഷ്ടത്തിനൊത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നുള്ള നിലപാടിലാണ്  തൃഷ.

ENGLISH SUMMARY:

Actress Trisha Krishnan gives a witty yet strong reply via Instagram to ongoing rumors linking her with Tamil Nadu Chief Minister Vijay, while her latest movie 'Karuppu' dominates the 2026 box office.