അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്നും വിജയ്. തിരുച്ചിറപ്പള്ളിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. ആരാകും തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ സ്ഥാനാര്‍ഥി എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്.

നിങ്ങളിലൊരാളാകും സ്ഥാനാര്‍ഥിയെന്നാണ് തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരോട് വിജയ് പറഞ്ഞത്. തന്നെ പിന്തുണച്ചത് പോലെ അവരേയും പിന്തുണയ്ക്കണമെന്നും വിജയ്.

ഭാവിയില്‍ വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.  വിമര്‍ശിക്കുന്നവരോട് പറയാനുള്ളത് തന്നെ വിമര്‍ശിക്കുന്നത് തുടരൂ എന്നാണ്. അതാണ് തനിക്കുള്ള ഊര്‍ജം എന്നും വിജയ്.  

മല്‍സരം ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രമാണ്. ഇതിനിടയില്‍ ആരുമില്ലെന്നും വിജയ്. ഡിഎംകെ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായതിനെ വിജയ് പരിഹസിച്ചു. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുയോഗത്തിന് റോഡ് ഷോ ആയാണ് വിജയ് എത്തിയത്. തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിഎംകെ സഖ്യത്തിലുള്ള  എംഡിഎംകെയുടെ  എംപി ദുരൈ വൈക്കോയും എത്തിയിരുന്നു.  

ENGLISH SUMMARY:

Tamil Nadu Chief Minister C Joseph Vijay expressed gratitude to the people for bringing him to power, stating he is a chief servant, not a chief minister. He addressed supporters at a public meeting in Tiruchirappalli, maintaining suspense over the candidate for the Tiruchirappalli East constituency.