ശൈലിമാറാനും പ്രൊഫഷണലാകാനും കൂടുതല്‍ ജനസൗഹൃദമാകാനും ഒരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഒാഫീസ്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിന്‍റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇപ്പോഴവിടെ രാവിലെ മുതല്‍ രാത്രി പത്തുപതിനൊന്നു മണിവരെ ആള്‍ത്തിരക്കാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് വന്നുപോയത്.
ദിവസം തോറും തിരക്ക് കൂടിവരികയുമാണ്. കാണാന്‍വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്, ഒാഫീസ് പ്രവര്‍ത്തനം താളം തെറ്റരുത് , പ്രധാനയോഗങ്ങളും മറ്റും വേണ്ടപോലെ നടക്കുകയും വേണം. ഇതിനായാണ് ഒാഫീസിനെ സ്മാര്‍ട്ട് ആന്‍ഡ് എഫിഷ്യന്‍റ് ആക്കാന്‍ വി.ഡി.സതീശന്‍ തീരുമാനിച്ചത്. സെക്രട്ടറി ഡോ. രത്തന്‍ഖേല്‍ക്കര്‍, ഒ.എസ്.ഡി. എന്‍.എസ്.കെ ഉമേഷ് എന്നിവരുമായി മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്തു എന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ ഒാഫീസിന് ആഡംബരമില്ല, അത് ഭാവിയിലും വേണ്ടെന്നാണ് തീരുമാനം. മുറിവിശാലമാണ് ബാക്കിയെല്ലാം സാധാരണ ഏത് ഒാഫീസും പോലെ തന്നെ. മോടി പിടിപ്പിച്ച് പണം കളയുന്നതിന് പകരം ആ പണംകൊണ്ട് ഒാഫീസില്‍ വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാനാണ് ആലോചിക്കുന്നത്. നോര്‍ത്ത് ബ്ളോക്കിന് റിസപ്ഷന്‍കൗണ്ടര്‍വരും.
സന്ദര്‍ശകര്‍ക്ക് വേണ്ട സഹായം നല്‍കുക, അവരുടെ ആവശ്യം ചോദിച്ചറിഞ്ഞ് വിവിധ സെക്ഷനുകളിലേക്ക് അയക്കുക, പ്രത്യേക പരിഗണന വേണ്ടവര്‍ക്ക് അതുറപ്പാക്കുക എന്നിവയാകും റിസപ്ഷന്‍ ജീവനക്കാരുടെ ചുമതല. ചിരിക്കുന്ന മുഖ്യമന്ത്രിക്ക് സൗഹാര്‍ദത്തോടെ പെരുമാറുന്ന സഹപ്രവര്‍ത്തകരും കൂടിവരട്ടെ എന്നാണത്രെ നയം!
സന്ദര്‍ശകരുടെ സമയം വൈകിട്ട് മൂന്നു മുതല്‍ 5 വരെയാക്കും. അതിന് മുന്‍പും പിന്‍പും വരുന്നവരെ ഉദ്യോഗസ്ഥര്‍ കണ്ട് കാര്യങ്ങള്‍ സംസാരിക്കും. വരുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും കുടിവെള്ളം ഉള്‍പ്പെടെ ഉറപ്പാക്കാനും കൂടി ആലോചനയുണ്ട്. നോര്‍ത്ത് ബ്ളോക്കിന് മുന്നിലെ രണ്ടു മുറികള്‍ ഇതിനായി ഉപയോഗിക്കുന്നതും പരിഗണനയിലാണ്.
മുഖ്യമന്ത്രിക്ക് വിശ്രമമുറിയുണ്ട് ഒാഫീസില്‍. നല്ല വായനക്കാരനായ മുഖ്യമന്ത്രി അവിടെ ചെറിയ ലൈബ്രറി ഒരുക്കുമെന്നാണ് കേള്‍ക്കുന്നത്. വിശ്രമസമയം കിട്ടുമ്പോള്‍ അത് വായനക്കായി മാറ്റിവെക്കാം എന്നാണ് സതീശന്‍റെ തീരുമാനം.
മുഖ്യമന്ത്രിയുടെ ഒാഫീസില്‍ധാരാളം പ്രശ്നങ്ങളുമായി എത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടിവരികയാണ്. അവരോട് സംസാരിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും മറ്റുമായി വനിതാ ജീവനക്കാരെ നിയോഗിക്കുന്നതും സുരക്ഷാ ജീവനക്കാരില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതും പരിഗണനയിലാണ്.
ഇടക്കിടെ മുഖ്യമന്ത്രി ക്ഷണിക്കപ്പെട്ട ചെറുസംഘങ്ങളെ കാണും . ഇവരാരും പൗരപ്രമുഖരാവില്ല. മത്സ്യ തൊഴിലാളികളും ആശാ വര്‍ക്കര്‍മാരും തുടങ്ങി വിദ്യാര്‍ഥികളും യുട്യൂബേഴ്സും വരെ ക്ഷണിക്കപ്പെട്ട അതിഥികളായി ഭരണസിരാകേന്ദ്രത്തിലെത്തും. ജനങ്ങളെ കേള്‍ക്കുക, പുതുയുഗ യാത്രക്ക് തുടര്‍ച്ച ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.
രണ്ടാം ഘട്ടമായി കോള്‍സെന്‍റര്‍, ജനസമ്പര്‍ക്കം പോലുള്ള നേരിട്ടുള്ള ആശയവിനിമയം എന്നിവയും പരിഗണനയിലുണ്ട്. ജില്ലകള്‍കേന്ദ്രീകരിച്ചും പ്രവര്‍ത്തനം ഉണ്ടാകും.
ജെന്‍സിയുടെ പൂക്കി മുഖ്യമന്ത്രിയുടെ ഒാഫീസില്‍ ഇനി സെല്‍ഫിപോയിന്‍റുകൂടി വരുമോ എന്ന് ആകാംക്ഷപ്പെടുന്നവരുമുണ്ട്. ജനസൗഹൃദമാകാം, എവിടെനിന്നും ചിത്രവും എടുക്കാം പക്ഷെ സെല്‍ഫിയും റീലും നിയന്ത്രിക്കനാണ് തീരുമാനം. സുരക്ഷയാണ് കാരണം.
രാവിലെഎട്ടു മണിക്ക് സെക്രട്ടേറിയറ്റിലെത്തുന്ന മുഖ്യമന്ത്രി രാത്രി പത്തര വരെ ഒാഫീസിലുണ്ട്. അതിനാല്‍ സെക്രട്ടേറിയറ്റിപ്പോള്‍ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഏതാണ്ടൊരു കോര്‍പ്പറേറ്റ് ഒാഫീസ് രീതിയിലേക്ക് മാറുകയാണ്.