സിബിഎസ്ഇ ഉത്തര കടലാസിന്റെ പകർപ്പ് മാറി നൽകിയതില്‍ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ. രണ്ട് ഉത്തര കടലാസുകളിൽ തെറ്റ് പറ്റി. ഫിസിക്സ് കെമസ്ട്രി പരീക്ഷകളുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറി നല്‍കിയെന്നും പരാതി ഉന്നയിച്ച വിദ്യാര്‍ഥികളക്ക് ശരിയായ ഉത്തര കടലാസ് നല്‍കിയെന്നും സിബിഎസ്ഇ.

 

അതേസമയം, 12ാം ക്ലാസ് മൂല്യനിര്‍ണയത്തിലെ വീഴ്ചയില്‍ വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും നിലവില്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശ്നം പരിഹരിക്കില്ലെന്ന്  വിദ്യാര്‍ഥികള്‍. ഒഎസ്‌എം വഴിയുള്ള ഫലം റദ്ദാക്കി പഴയ രീതിയിൽ പുനർ മൂല്യനിർണയം നടത്തണമെന്നാണ് ആവശ്യം.  അതേസമയം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പുനര്‍മൂല്യനിര്‍ണയത്തിനുള്ള പോർട്ടലിന്റെ സാങ്കേതിക തകരാറുകൾ പരിശോധിച്ച് വരികയാണ്.

 

വിദ്യാര്‍ഥികളുടെ താല്‍പര്യത്തിനും ഭാവിക്കുമാണ് മുന്‍ഗണന എന്ന് വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് പരീക്ഷിച്ച ഓണ്‍ സ്കീന്‍ മാര്‍ക്കിങ് രീതി ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. പുനര്‍മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടല്‍ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍  ഐഐടി മദ്രാസ് കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ വച്ചും ഉത്തര കടലാസിന്റെ പകര്‍പ്പിനായി അധികമീടാക്കിയ ഫീസ് തിരിച്ച് നല്‍കിയും കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍ എന്നാണ് ആരോപണം. 

 

മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടമായ ഉത്തരകടലാസിന്റെ സ്കാനിങില്‍ തന്നെ വലിയ വീഴ്ച ഉണ്ടായതായി വിദ്യാര്‍ഥികള്‍ പറയുന്നു. പുനര്‍മൂല്യനിര്‍ണയത്തിനായി ലഭിച്ച ഉത്തരകടലാസിന്റെ പകര്‍പ്പില്‍ പേര് മാത്രമാണ് തന്റെതെന്നും ഉത്തരങ്ങള്‍ മറ്റൊരാളുടേതുമാണെന്നും വിദ്യാര്‍ഥികള്‍. ചിലര്‍ക്ക് ലഭിച്ചത് ഉത്തരകടലാസിന്റെ ചില ഭാഗങ്ങള്‍ മാത്രം. പൂര്‍ണമായി ലഭിച്ചവയാകട്ടെ അവ്യക്തം.  ഇവ വച്ച് എങിനെ പുനര്‍മൂല്യനിര്‍ണയം സാധ്യമാകും എന്നാണ് ചോദ്യം.

 

ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയം നീട്ടിയിരുന്നു. സാഹചര്യം പരിശോധിച്ച് ഇനിയും നീട്ടണമോ എന്ന കാര്യത്തില്‍ സിബിഎസ്ഇ തീരുമാനമെടുക്കും. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാനുള്ള സമയം നാളെ മുതല്‍ 29വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇതില്‍ മാറ്റം വന്നേക്കും. അതേസമയം എന്‍എസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

ENGLISH SUMMARY:

CBSE has admitted errors in providing incorrect answer sheet copies to Class 12 students, including mix-ups in Physics and Chemistry papers. Students allege serious flaws in the Online Screen Marking system and demand a return to the old revaluation process. Complaints over incomplete, unclear, and mismatched answer sheets have intensified protests by student organizations across the country.