നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടുകളിലും ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വീഴ്ചകളില്‍നിന്ന് എന്‍.ടി.എ പാഠം പഠിച്ചില്ലെന്നും ഇത് ദുഃഖകരമാണെന്നും ജസ്റ്റിസ് പി.എസ്.നരസിംഹ വിമര്‍ശിച്ചു. എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും നല്‍കിയ ഹർജികളിൽ എന്‍.ടി.എയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടിസയച്ചു.
രണ്ടുവര്‍ഷം മുമ്പ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ സത്യവാങ്മൂലം നല്‍കണം. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍.ടി.എയോടും ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
അതേസമയം, 12ാം ക്ലാസ് മൂല്യനിര്‍ണയത്തിലെ വീഴ്ചയില്‍ വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും നിലവില്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശ്നം പരിഹരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍. ഒഎസ്‌എം വഴിയുള്ള ഫലം റദ്ദാക്കി പഴയ രീതിയിൽ പുനർ മൂല്യനിർണയം നടത്തണമെന്നാണ് ആവശ്യം. അതേസമയം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പുനര്‍മൂല്യനിര്‍ണയത്തിനുള്ള പോർട്ടലിന്റെ സാങ്കേതിക തകരാറുകൾ പരിശോധിച്ച് വരികയാണ്.
വിദ്യാര്‍ഥികളുടെ താല്‍പര്യത്തിനും ഭാവിക്കുമാണ് മുന്‍ഗണന എന്ന് വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് പരീക്ഷിച്ച ഓണ്‍ സ്കീന്‍ മാര്‍ക്കിങ് രീതി ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. പുനര്‍മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടല്‍ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഐഐടി മദ്രാസ് കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ വച്ചും ഉത്തര കടലാസിന്റെ പകര്‍പ്പിനായി അധികമീടാക്കിയ ഫീസ് തിരിച്ച് നല്‍കിയും കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍ എന്നാണ് ആരോപണം.
മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടമായ ഉത്തരകടലാസിന്റെ സ്കാനിങില്‍ തന്നെ വലിയ വീഴ്ച ഉണ്ടായതായി വിദ്യാര്‍ഥികള്‍ പറയുന്നു. പുനര്‍മൂല്യനിര്‍ണയത്തിനായി ലഭിച്ച ഉത്തരകടലാസിന്റെ പകര്‍പ്പില്‍ പേര് മാത്രമാണ് തന്റെതെന്നും ഉത്തരങ്ങള്‍ മറ്റൊരാളുടേതുമാണെന്നും വിദ്യാര്‍ഥികള്‍. ചിലര്‍ക്ക് ലഭിച്ചത് ഉത്തരകടലാസിന്റെ ചില ഭാഗങ്ങള്‍ മാത്രം. പൂര്‍ണമായി ലഭിച്ചവയാകട്ടെ അവ്യക്തം. ഇവ വച്ച് എങിനെ പുനര്‍മൂല്യനിര്‍ണയം സാധ്യമാകും എന്നാണ് ചോദ്യം.
ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയം ഇന്ന് അർദ്ധരാത്രി വരെയാണ് നീട്ടിയിട്ടുള്ളത്. സാഹചര്യം പരിശോധിച്ച് ഇനിയും നീട്ടണമോ എന്ന കാര്യത്തില്‍ സിബിഎസ്ഇ തീരുമാനമെടുക്കും. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാനുള്ള സമയം നാളെ മുതല്‍ 29വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇതില്‍ മാറ്റം വന്നേക്കും. അതേസമയം എന്‍എസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.